Advertisment

സ്ത്രീകളുടെ അവകാശങ്ങള്‍ വിളിച്ചറിയിച്ച് ഡബ്ലിനില്‍ ഉജ്ജ്വല വനിതാ ദിന റാലി

author-image
athira p
New Update

ഡബ്ലിന്‍ : സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ ഡബ്ലിനില്‍ വനിതകളുടെ ഉജ്ജ്വല മാര്‍ച്ച്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും നൂറുകണക്കിന് സ്ത്രീകളാണ് പ്ലക്കാര്‍ഡുകളുമേന്തി ഉശിരന്‍ മുദ്രാവാക്യങ്ങളുമായി മാര്‍ച്ചില്‍ അണിനിരന്നത്. കുടിയേറ്റക്കാരുടെയും വനിതകളുടെയും അവകാശങ്ങളും പോരാട്ടങ്ങളും ഒന്നു തന്നെയാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉറക്കെപ്പറഞ്ഞു.

Advertisment

publive-image

ട്രാന്‍സ്‌ജെന്റര്‍ പതാകകള്‍ക്കൊപ്പം ഇറാനിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തോടുള്ള ഐക്യദാര്‍ഢ്യമറിയിച്ച് ഇറാനിയന്‍ പതാകകളും റാലിയിലുടനീളം പാറിക്കളിച്ചു.സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, കുടിയേറ്റ അവകാശങ്ങള്‍, ഒരേ അതിജീവനം ഒരേ പോരാട്ടം, സ്ത്രീകളുടെ ഐക്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല തുടങ്ങിയ സന്ദേശങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ റാലിയില്‍ ഉടനീളം കാണാനായി.കില്‍ഡെയര്‍ സ്ട്രീറ്റിലെ ലെയിന്‍സ്റ്റര്‍ ഹൗസിന് സമീപം ഒത്തുകൂടിയ വനിതകളെ നേതാക്കള്‍ അഭിസംബോധന ചെയ്തു.

വാടകക്കാരുടെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കലിനേര്‍പ്പെടുത്തിയ നിരോധനം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ റാലിയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു.

ഗാര്‍ഹിക പീഡനത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് കുടിയേറ്റ സ്ത്രീകളാണെന്ന് അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റ സ്ത്രീകളുടെ ദേശീയ സംഘടനയായ അകിദ്വയുടെ പ്രതിനിധി പറഞ്ഞു.ഭവന രാഹിത്യത്തിന്റെ ഭീഷണിയും നിയമപരമായ അനിശ്ചിതത്വവും വിവേചനവും ഇവരെ കൂടുതല്‍ ദുര്‍ബലരാക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അയര്‍ലണ്ടിലെ ട്രാന്‍സ്ഫോബിക്, ഹോമോഫോബിക് വിദ്വേഷത്തിനെതിരെയും റാലിയില്‍ വിമര്‍ശനമുണ്ടായി.ഭവനരാഹിത്യം അവസാനിപ്പിക്കണമെന്നും സ്ത്രീകളുടെ ആരോഗ്യത്തിനും പരിചരണത്തിനുമായി വില കല്‍പ്പിച്ചുകൊണ്ടുള്ള നിക്ഷേപം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് വിമന്‍സ് കളക്ടീവ് അയര്‍ലണ്ടിന്റെ പ്രതിനിധി, ആവശ്യപ്പെട്ടു.

Advertisment