Advertisment

അയര്‍ലണ്ടിലെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള സര്‍ക്കാര്‍ പദ്ധതി പാതി വഴിയില്‍ തന്നെ

author-image
athira p
New Update

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മള്‍ട്ടി ഡിനോമിനല്‍ സ്‌കൂള്‍ സമ്പ്രദായ പദ്ധതികള്‍ പാതിവഴിയില്‍.സ്‌കൂളുകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ജീവനക്കാരില്‍ നിന്നും,മാത്രമല്ല നിലവില്‍ മാനേജ്മെന്റുകളില്‍ അധികവും കൈവശം വെയ്ക്കുന്ന കത്തോലിക്കാ സഭയില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്തതാണ് നിര്‍ണ്ണായക വിദ്യാഭ്യാസ മാറ്റത്തിന് വിഘാതമാകുന്നത്.

Advertisment

publive-image

നാല് വര്‍ഷം മുമ്പ്, നോര്‍ത്ത് ഡബ്ലിനിലെ പോര്‍ട്ട്മാര്‍നോക്ക്/മാലഹൈഡ് ഏരിയയിലെ കത്തോലിക്കാ സ്‌കൂളുകള്‍ പുനക്രമീകരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു രക്ഷിതാക്കള്‍ ഈ മാറ്റത്തെ എതിര്‍ത്തത്.കത്തോലിക്കാ സഭയുടെ സ്‌കൂള്‍ നേതൃത്വം മാറിയാല്‍ സെന്റ് പാട്രിക് ദിനമോ ക്രിസ്മസോ ആഘോഷിക്കാന്‍ കഴിയില്ലെന്നതടക്കമുള്ള കാരണങ്ങളാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.ഇത്തരം ആശങ്കകള്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

രാജ്യത്തെ വിവിധ പട്ടണങ്ങളിലേയും പ്രാന്തപ്രദേശങ്ങളിലെയും കത്തോലിക്കാ സഭയുടെ അധീനതതയിലുള്ള പ്രൈമറി സ്‌കൂളുകളിലൊന്നിനെയെങ്കിലും ബഹു മത വിഭാഗത്തിലേയ്ക്ക് മാറ്റണമെന്ന പുതിയ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.സര്‍ക്കാരും സഭയും ഒത്തുചേര്‍ന്നായിരുന്നു ഇത്തരമൊരു പദ്ധതി മെനഞ്ഞത്.എന്നാല്‍ അതിനും വേണ്ടത്ര വിജയിക്കാനായിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകളെ ഫെസിലിറ്റേറ്റ് ചെയ്ത മുന്‍ വിദ്യാഭ്യാസ വകുപ്പ് ഇന്‍സ്പെക്ടര്‍ കൂടിയായ ഡോണ്‍ മഹോണ്‍ കഴിഞ്ഞ മാസം അവസാനം ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഹേനി നല്‍കുന്ന പാഠം

കഴിഞ്ഞ ഒമ്പത് മാസമായി നോര്‍ത്ത് ഡബ്ലിനടുത്തുള്ള റഹെനിയില്‍ സ്‌കൂള്‍ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇവിടെ മൂന്ന് കാത്തോലിക് പ്രൈമറി സ്‌കൂളുകളാണുള്ളത്;ഒരു മിക്സഡ് ജൂനിയര്‍ സ്‌കൂളും രണ്ട് സിംഗിള്‍ സെക്സ് സീനിയേഴ്സും.അതിലൊന്നിനെ ഏറ്റെടുക്കാനായിരുന്നു ഇ ടി ബി തീരുമാനം.എന്നാല്‍ അത് പരാജയപ്പെടുന്ന സ്ഥിതിയാണ്.

ഭൂരിപക്ഷം ബി ഒ എം അംഗങ്ങളും മൂന്ന് സ്‌കുളുകളില്‍ ഒന്നിനെ മള്‍ട്ടി ഡിനോമിനേഷനിലേയ്ക്ക് മാറ്റാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നു.ഭൂരിപക്ഷം സ്‌കൂള്‍ ജീവനക്കാരും പ്രിന്‍സിപ്പലും ബി ഒ എം ചെയറും സ്റ്റാഫ് അംഗങ്ങളുമൊന്നും സ്‌കൂളിന്റെ ഘടനാമാറ്റം ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഡിസംബറിന്റെ തുടക്കത്തില്‍ നെയ്‌സ്‌കോയില്‍ ഇഡെ ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ യോഗവും വിളിച്ചു കൂട്ടിയിരുന്നു. വ്യക്തമായ പ്ലാനും പദ്ധതിയുമില്ലാത്തതിനാല്‍ സ്‌കൂള്‍ സമ്പ്രദായം മാറ്റുന്നതിനോട് വിയോജിപ്പാണെന്ന പ്രതികരണമാണ് ലഭിച്ചത്. മാതാപിതാക്കളും അറിയിച്ചു.പ്രിന്‍സിപ്പലും ഡബ്ലിന്‍ അതിരൂപതയിലെ വിദ്യാഭ്യാസ എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍സിഞ്ഞോര്‍ ഡാന്‍ ഒകോണര്‍ ഉള്‍പ്പടെ പങ്കെടുത്ത പ്രധാന യോഗമായിരുന്നു അതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ചെറു ന്യൂനപക്ഷം മാത്രമേ മാറ്റത്തെ പിന്തുണയ്ക്കുന്നുള്ളു.

മന്ത്രിയ്ക്കും താല്‍പ്പര്യമില്ലേ

നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കരുതുന്ന ബഹു മത വിദ്യാഭ്യാസ സമ്പ്രദായത്തെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പോലും വ്യക്തമായ കാഴ്ചപ്പാടില്ലെന്നാണ് ഇ ടി ബിയിലെ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

എല്ലാ രക്ഷിതാക്കളുടെയും ജീവനക്കാരുടെയും പിന്തുണയോടെ മാത്രമേ ഈ സ്‌കീം നടപ്പാക്കുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് എതിര്‍ക്കുന്നവരുടെ വീറ്റോ പവര്‍ വര്‍ധിപ്പിച്ചു.ഒത്തു ചേര്‍ന്നുള്ള പിന്തുണ സ്‌കീമിന് ഒരിടത്തും ലഭിക്കുന്നില്ല. എല്ലായിടത്തും രണ്ടു പക്ഷമുണ്ടാകുന്നു.അതോടെ പുതിയ സ്‌കീം കോള്‍ഡ് സ്റ്റോറേജിലുമാകുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹിഡന്‍ അജണ്ടയുടെ ഭീതി

എല്ലാത്തിലുമുപരിയായി പുതിയ സമ്പ്രദായത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന ഭീതിയും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കുമുണ്ട്. ഇവയെല്ലാം ദൂരീകരിച്ചു മാത്രമേ പുതിയ വിദ്യാഭ്യാസ മാറ്റങ്ങള്‍ അയര്‍ലണ്ടിലുണ്ടാകുവെന്നാണ് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

ബഹുമത വിദ്യാഭ്യാസത്തേക്കാളുപരി സമ്മിശ്ര വിദ്യാഭ്യാസമാണ് ഇവിടെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്നതാണ് ഇവര്‍ക്കിഷ്ടം.എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുകയാണ്.ഇപ്പോഴത്തെ നിലയില്‍ത്തന്നെ സ്‌കൂളുകള്‍ തുടരുമെന്നാണ് ഇപ്പോഴത്തെ സൂചന.

Advertisment