Advertisment

മധുവിന്റെ കൊലപാതകം: സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍

New Update

Advertisment

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ നടപടി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍. പട്ടികജാതി, പട്ടിക വര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയും പ്രോസിക്യൂട്ടറും ഉള്ളതുകൊണ്ടാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണ്ട എന്ന തീരുമാനമെടുത്തത്. എന്നാല്‍ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഒരു കേസിന് വേണ്ടി മാത്രം പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നു.

മണ്ണാര്‍ക്കാട് എസ്‌സി എസ്ടി സ്‌പെഷല്‍ കോടതിയില്‍ നിലവില്‍ 12 കൊലപാതക കേസുകളുണ്ട്. ആ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ മധു കൊലക്കേസിലും ഹാജരാകുന്നത് ഒരുതരത്തിലും തിരിച്ചടിയാകില്ല. എന്നാല്‍ കുടുംബത്തിന് ആശങ്കയുണ്ടെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചിണ്ടക്കി ഊരിലെ മധുവിനെ മര്‍ദിച്ച് കൊല്ലപ്പെടുത്തിയത്. 16 പേര്‍ അറസ്റ്റിലായ കേസില്‍ അഗളി ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാനിരിക്കെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്.

Advertisment