കൂറ്റന്‍ തിരമാലയില്‍ പെട്ട് കടലില്‍ കാണാതായ യുവതി ഒന്നര വര്‍ഷത്തിനു ശേഷം അതേ തീരത്ത് ജീവനോടെ അടിഞ്ഞു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, July 6, 2018

കടലില്‍ കാണാതായ വനിതയെ ഒന്നര വര്‍ഷത്തിനു ശേഷം അതേ തീരത്ത് ജീവനോടെ വന്നടിഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു ഹോളിവുഡ് സിനിമയുടെ ക്ലൈമാക്‌സാകും എന്ന് തോന്നാം. എന്നാലല്ല, കൂറ്റന്‍ തിരമാലയില്‍ പെട്ട് കടലില്‍ കാണാതായ വനിതയെ 18 മാസങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് അതേ വേഷവിധാനങ്ങളോടെ ബോധരഹിതയായി കണ്ടെത്തി. ഇന്തോനേഷ്യയിലാണ് ഈ അവിശ്വിസനീയമായ സംഭവം നടന്നത്.

പതിനെട്ടു മാസം മുമ്പ് ഒരു ജനുവരിയില്‍ വെസ്റ്റ് ജാവായില്‍ വച്ചാണ് നൈനിങ് സണാറിഷ് എന്ന 53 കാരിയെ ഒരു കൂറ്റന്‍തിരമാല കടലിലേക്ക് എടുത്തുകൊണ്ടുപോയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്താനായില്ലെങ്കിലും മരിച്ചെന്നാണ് എല്ലാവരും കരുതിയത്. അവരെയാണ് പതിനൊട്ട് മാസത്തിനിപ്പുറം അതേ കടല്‍ത്തീരത്ത് അന്ന് ധരിച്ച അതേ വേഷത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു കൗതുകകരമായ കാര്യം കൂടി ഇതിനോട് അനുബന്ധിച്ചുണ്ട്. ഇവരെ കണ്ടെത്തുന്നതിന് മുമ്പ് ഇവരുടെ അച്ഛന്‍ ഒരു സ്വപ്നം കാണുമായിരുന്നു പോലും. കാണാതെ പോയ അതേ കടല്‍ത്തീരത്ത് അതേ ഡ്രസ് ധരിച്ച് മകള്‍ കിടക്കുന്നു. ഈ സ്വപ്നം പല തവണ ആവര്‍ത്തിച്ചുകാണുകയും ചെയ്തു. അങ്ങനെ ഒരുനാള്‍ ആ സ്വപ്നത്തിന് പുറകെ പോകാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച രാവിലെ അദ്ദേഹം വീട്ടുകാരെയും കൂട്ടി ബീച്ചിലേക്ക് പോയി. ഒടുവില്‍ രാത്രിയോടെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നൈനിങിനെ അവിടെ കണ്ടെത്തി.

Related image

നൈനിങ്ങിന് ഗുരുതര പരിക്കുകളൊന്നും പറ്റിയിട്ടില്ല. ബോധം വീണ്ടെടുത്ത നൈനിങിന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ സാധിക്കുന്നുണ്ട്. പക്ഷേ സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രം. സംസാരിച്ചാല്‍ മാത്രമേ സംഭവത്തിന് പിന്നിലെ ചുരുളഴിയു.

×