Advertisment

പ്രായത്തിനും ലിംഗവ്യത്യാസത്തിനും അനുസരിച്ച് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നതില്‍ മാറ്റമുണ്ടാകുന്നുവെന്ന് പുതിയ പഠനം

New Update

publive-image

Advertisment

കൊവിഡ് 19 മഹാമാരിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെ കുറിച്ച് ഇപ്പോള്‍ ഏവരിലും അവബോധമുണ്ട്. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളാണ് അധികപേരിലും കണ്ടുവരുന്നത്. ചിലരില്‍ ശ്വാസതടസം, അതുപോലെ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, ദഹന പ്രശ്‌നങ്ങള്‍ എല്ലാം കൊവിഡ് ലക്ഷണങ്ങളായി വരാറുണ്ട്.

ഇപ്പോഴും കൊവിഡ് കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചിലത് പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം. പ്രായത്തിനും ലിംഗവ്യത്യാസത്തിനും അനുസരിച്ച് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നതില്‍ മാറ്റമുണ്ടാകുന്നുവെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം സംഘടിപ്പിച്ചത്. 'ദ ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

മിക്കവാറും കൊവിഡ് രോഗികളില്‍ കാണുന്ന ചുമ, പനി, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയടക്കം 19 ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. വിവിധ പ്രായക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

'കൊവിഡിന്റെ വളരെ നേരത്തെ കാണപ്പെടുന്ന ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങള്‍ പഠനം നടത്തിയത്. ഇത് രോഗിയെ പെട്ടെന്ന് തിരിച്ചറിയുന്നതിനും ഐസൊലേഷനിലേക്ക് മാറ്റുന്നതിനുംവൈകാതെ തന്നെ പരിശോധന നടത്തുന്നതിനുമെല്ലാം സഹായിക്കും..'- ഗവേഷകര്‍ പറയുന്നു.

പഠനം പറയുന്നതിന് അനുസരിച്ച് 60ന് മുകളില്‍ പ്രായമുള്ളവരില്‍ ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ കൊവിഡ് ലക്ഷണമായി അധികം വരുന്നില്ല. എണ്‍പതിന് മുകളില്‍ പ്രായമുള്ളവരില്‍ ഈ ലക്ഷണം കണ്ടതേയില്ലെന്നും പഠനം അവകാശപ്പെടുന്നു. എന്നാല്‍ ഈ രണ്ട് പ്രായക്കാരിലും വയറിളക്കം കൊവിഡിന്റെ പൊതുലക്ഷണമായി കണ്ടെന്നും ഇവര്‍ പറയുന്നു.

40 മുതല്‍ 59 വരെ പ്രായമുള്ളവരില്‍ തുടര്‍ച്ചയായ ചുമ, പനി, വിറയല്‍ എന്നിവയാണ് കൂടുതലും ലക്ഷണമായി കണ്ടതത്രേ. 60 മുതല്‍ 70 വരെയുള്ളവരില്‍ നെഞ്ചുവേദന, അസഹ്യമായ പേശീവേദന, ശ്വാസതടസം, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയാണത്രേ അധികവും കണ്ടതെന്നും പഠനം പറയുന്നു.

പ്രായം മാത്രമല്ല, ലിംഗഭേദവും കൊവിഡ് ലക്ഷണങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ശ്വാസതടസം, ക്ഷീണം, തളര്‍ച്ച, പനി, വിറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ അധികവും പുരുഷന്മാരിലാണ് കാണുന്നത്. അതേസമയം ഗന്ധം നഷ്ടപ്പെടുന്നത്, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ എന്നീ ലക്ഷണങ്ങള്‍ അധികവും സ്ത്രീകളിലാണ് കാണുന്നത്- പഠനം പറയുന്നു.

 

health tips
Advertisment