Advertisment

സര്‍ക്കാര്‍ വിവാദം, സംവിധായകൻ എ ആര്‍ മുരുഗദോസിന് താല്‍ക്കാലിക മുൻകൂര്‍ ജാമ്യം

author-image
ഫിലിം ഡസ്ക്
New Update

Advertisment

വിജയ് നായകനായി എത്തിയ സര്‍ക്കാര്‍ സിനിമയ്ക്ക് എതിരെ രാഷ്‍ട്രീയപാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ തമിഴ്നാട് സര്‍ക്കാരിനെയും പാര്‍ട്ടികളെയും വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു വിമര്‍ശനം. എ ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായി. തുടര്‍ന്ന് മുൻകൂര്‍ ജാമ്യം തേടി എ ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എ ആര്‍ മുരുഗദോസിന് താല്‍ക്കാലിക മുൻകൂര്‍ ജാമ്യം അനുവദിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 27 വരെ എ ആര്‍ മുരുഗദോസ്സിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

എ ആര്‍ മുരുഗദോസ്സിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. തന്റെ വീട്ടിനു മുന്നില്‍ പൊലീസ് വന്നിരുന്നുവെന്നും താൻ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും എ ആര്‍ മുരുഗദോസ് പിന്നീട് അറിയിക്കുകയും ചെയ്‍തിരുന്നു. തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. രാഷ്‍ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ഒരു രംഗത്ത് എ ആര്‍ മുരുഗദോസ് അഭിനയിച്ചതും വിമര്‍ശനത്തിന് കാരണമായി. എന്നാല്‍ തമിഴ് സിനിമലോകം സിനിമയ്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. രജനികാന്തും കമല്‍ഹാസനുമടക്കമുള്ളവര്‍ സിനിമയെ പിന്തുണച്ച് രംഗത്ത് എത്തി.

അതേസമയം, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് ചിത്രം വിജയ്‍യുടെ കരിയറിലെ എക്കാലത്തേയും മികച്ച വിജയമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

വരലക്ഷ്‍മി ശരത്‍കുമാര്‍ ആണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

Advertisment