Advertisment

അങ്കണവാടിയുടെ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ രണ്ട് തവണ ഒരാള്‍ എത്തി ; സമീപത്തുള്ള വീട്ടമ്മ ബഹളം വച്ചിട്ടും ഇയാള്‍ പോയില്ല ; ഒടുവില്‍ വീട്ടില്‍ നിന്ന് കമ്പിവടിയുമായി രണ്ടും കല്‍പ്പിച്ച് യുവതി എത്തിയതോടെ അജ്ഞാതന്‍ തിടുക്കത്തില്‍ ഫോണ്‍ ചെയ്ത് വാന്‍ വരുത്തി രക്ഷപ്പെട്ടു ; കുട്ടികളെ തട്ടിയെടുക്കാനെന്ന് സംശയം ; സംഭവം കടുത്തുരുത്തിയില്‍

New Update

കടുത്തുരുത്തി : അങ്കണവാടിയുടെ പരിസരത്ത് രണ്ടു തവണ സംശയകരമായ രീതിയിൽ ഒരാളെ കണ്ടെത്തി. സമീപവാസിയായ വീട്ടമ്മ ബഹളം വച്ചിട്ടും ഇയാൾ പോകാൻ കൂട്ടാക്കാതെ നിന്നതോടെ വീട്ടമ്മ കമ്പിവടിയുമായെത്തി. ഇതോടെ ഇയാൾ ഫോൺ ചെയ്തു വാൻ വരുത്തി കടന്നുകളഞ്ഞു. കുട്ടികളെ തട്ടിയെടുക്കാൻ ശ്രമം ആണോയെന്ന സംശയത്തിൽ അങ്കണവാടി വർക്കർ പൊലീസിൽ പരാതി നൽകി.

Advertisment

publive-image

ഇന്നലെ രാവിലെ 10 മണിയോടെ കല്ലറ പഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന കളമ്പുകാട് 46ാം നമ്പർ അങ്കണവാടിക്കു സമീപമാണ് സംഭവം. കല്ലറ റോഡിൽ നിന്നു 300 മീറ്റർ ഉള്ളിലേക്കായി റബർ തോട്ടത്തിനരികിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ചെറിയ ഇടവഴിയിലൂടെ വേണം ഇവിടേക്ക് എത്താൻ.

ഇവിടെയെത്തിയ അപരിചിതൻ പരിസരം വീക്ഷിച്ചു നിൽക്കുന്നതു കണ്ടു സമീപവാസിയായ കൃഷ്ണവിലാസം വീട്ടിൽ ഉഷ മുരളീധരൻ കാര്യം തിരക്കി. പക്ഷേ, ഇയാൾ പോകാതെ അവിടെ അൽപ്പനേരം ചുറ്റിത്തിരിഞ്ഞ ശേഷം വഴിയിലേക്കു പോയി.

11.30ന് അങ്കണവാടി പരിസരത്ത് വീണ്ടും ഇയാളെ കണ്ടതോടെ വീട്ടമ്മ ബഹളം വയ്ക്കുകയും കമ്പിവടിയുമായി അങ്കണവാടിക്കു സമീപത്തേക്ക് എത്തുകയുമായിരുന്നു. ഇതോടെയാണ് ഇയാൾ വാൻ വിളിച്ചുവരുത്തി രക്ഷപ്പെട്ടത്. ഈ സമയം ആയ മാത്രമേ അങ്കണവാടിയിൽ ഉണ്ടായിരുന്നുള്ളു. മുണ്ടും ഷർട്ടും ധരിച്ചിരുന്ന 50 വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന ആളാണ് എത്തിയതെന്ന് അങ്കണവാടി വർക്കർ ഷൈനി പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ നിർദേശപ്രകാരം ഷൈനി പൊലീസിൽ പരാതി നൽകി. കടുത്തുരുത്തി എസ്ഐ ടി.എസ്.റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

child kidnap kaduthurthi kindergarten
Advertisment