Advertisment

ഉത്തരമെഴുതാത്ത ഉത്തരക്കടലാസ് വെറും പേപ്പര്‍ മാത്രം ! സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എ വിജയരാഘവന് വിവാദങ്ങള്‍ എന്നും കൂടെപ്പിറപ്പ്; വിഭാഗീയതയുടെ നാളുകളില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായ വിജയരാഘവനെ തേടി സിപിഎം സെക്രട്ടറി പദവിയെത്തുന്നത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇടതു കണ്‍വീനര്‍ പദവി മറ്റൊരാള്‍ക്ക് നല്‍കാനും ധാരണ. കോടിയേരിയുടെ പിന്‍ഗാമി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നേരിടേണ്ടി വരിക വെല്ലുവിളികള്‍ തന്നെ !

New Update

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ പദവിയിലിരിക്കെയാണ് സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് താല്‍ക്കാലിക ചുമതലയിലാണെങ്കിലും എ വിജയരാഘവന്‍ എത്തുന്നത്. ഒരു തവണ ലോക്‌സഭാംഗവും ഒരു തവണ രാജ്യസഭാംഗവുമായ വിജയരാഘവന്‍ എക്കാലത്തും കോടിയേരി ബാലകൃഷ്ണനുമായും പിണറായി വിജയനുമായും അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ്. സിപിഎം കേന്ദ്രകമ്മറ്റിയംഗം കൂടിയാണ് വിജയരാഘവന്‍.

Advertisment

publive-image

പാര്‍ട്ടിയിലെ വിഭാഗീയത കത്തിനിന്ന കാലത്ത് എക്കാലവും ഔദ്യോഗിക പക്ഷത്തിനൊപ്പം അടിയുറച്ചു നിന്ന പാരമ്പര്യമാണ് വിജയരാഘവനുള്ളത്. അതുകൊണ്ടുതന്നെ മുതിര്‍ന്ന പല നേതാക്കളുണ്ടായിട്ടും വിജയരാഘവന്റെ പേര് കോടിയേരി ഉയര്‍ത്തിയപ്പോള്‍ പിണറായി വിജയനടക്കം മറുത്തു പറയാനാവാതെ വന്നത്. ഏതു വിഷയത്തിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ചു നില്‍ക്കുന്നത് വിജയരാഘവനെ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുമുണ്ട്.

പലപ്പോഴും വിവാദ പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പാരമ്പര്യം ഈ മലപ്പുറം കാരനുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തിരിക്കെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല പദപ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു.

രമ്യാ ഹരിദാസ് എന്ന യുവ നേതാവിനെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ആ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തോടെ രമ്യയെ ആലത്തൂരില്‍ വിജയിക്കാന്‍ സഹായിച്ചത് വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശമായിരുന്നു എന്നു ആരോപണമുയര്‍ന്നിരുന്നു.

നല്ല പ്രാസംഗികനായ വിജയരാഘവന്‍ പക്ഷേ വിവാദങ്ങളൊന്നും കരുതിക്കൂട്ടി സൃഷ്ടിക്കുന്നതല്ല. പ്രസംഗത്തിന്റെ ആവേശത്തില്‍ സദസ്സിനെ കയ്യിലെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. അതിനിടെയിലെ പല പരാമര്‍ശങ്ങളുമാണ് പിന്നീട് വിനയാകുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയില്‍ നിന്നു കണ്ടെടുത്തപ്പോള്‍ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഉത്തരമെഴുതിയാല്‍ മാത്രമെ അതു ഉത്തരക്കടലാസാകു എന്നും അല്ലെങ്കില്‍ അതു വെറും കടലാസ് മാത്രമാണെന്നുമായിരുന്നു വിജയരാഘവന്റെ വാദം. ഒരുപാട് വിമര്‍ശനമുയര്‍ന്നപ്പോഴും ഈ വാക്കുകളൊന്നും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

തെരഞ്ഞെടുപ്പ് കളരിയില്‍ പക്ഷേ കാര്യമായ വിജയം അവകാശപ്പെടാന്‍ എ വിജയരാഘവനില്ല. പാലക്കാട് നിന്നു ഒരിക്കല്‍ ലോക്‌സഭയിലേക്ക് വിജയിച്ചെങ്കിലും പിന്നീട് അവിടെ നിന്നും കോഴിക്കോടുനിന്നും പരാജയപ്പെട്ട പാരമ്പര്യവും വിജയരാഘവനുണ്ട്. ഇടതു മുന്നണി കണ്‍വീനര്‍ എന്ന ഭാരിച്ച ഉത്തരവാദിത്വത്തിന് ഒപ്പം അതിലേറെ ഉത്തരവാദിത്വമുള്ള പാര്‍ട്ടി സെക്രട്ടറി സ്ഥാനം വിജയരാഘവന് വെല്ലുവിളി ഉയര്‍ത്തും.

പ്രത്യേകിച്ചു തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനം ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെ കാണൂ. അതുവരെ വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം എന്തായാലും തുടരുമെന്ന് ഉറപ്പാണ്.

ഒരുപക്ഷേ രണ്ടു പദവികളും ഒരുമിച്ചു മുമ്പോട്ടു കൊണ്ടുപോകുമ്പോള്‍ ജോലി ഭാരം കുറയ്ക്കാനായി മുന്നണി കണ്‍വീനര്‍ പദവി അദ്ദേഹം ഒഴിയാനും ഇടയുണ്ട്. അങ്ങനെയെങ്കില്‍ ആ പദവിയില്‍ എംവി ഗോവിന്ദനെ കൊണ്ടുവരാനാകും പിണറായിയുടെ നീക്കം.

a vijayaraghavan
Advertisment