എഎപിയ്ക്ക് 4 സീറ്റ് നല്‍കാം. നമ്മള്‍ ഒന്നിച്ചാല്‍ ബിജെപി തോറ്റു – ഡല്‍ഹിയില്‍ സഖ്യ സാധ്യതകള്‍ വീണ്ടും തുറന്ന്‍ രാഹുല്‍ഗാന്ധി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 15, 2019

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി – കോണ്‍ഗ്രസ് സഖ്യസാധ്യതകൾ വീണ്ടും തുറന്നിട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ എഎപിയും കോൺഗ്രസും ഒന്നിക്കുകയെന്നാൽ ബിജെപിയുടെ തോൽവിയാണെന്നു രാഹുൽ ഗന്ധി ട്വിറ്ററിൽ കുറിച്ചതോടെയാണ്‌ വീണ്ടും സഖ്യ ചര്‍ച്ചകള്‍ തുറക്കുന്നത്.

എഎപിക്ക് നാല് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്. സഖ്യസാധ്യതകൾ വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാളാണെന്നും രാഹുൽ ട്വിറ്ററില്‍ പറയുന്നു .

എഎപിയുമായുള്ള സഖ്യത്തെക്കുറിച്ച് ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷൻ പരസ്യമായി പ്രതികരിക്കുന്നത്. നേതാക്കൾ വീണ്ടും പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ അടഞ്ഞ സഖ്യവാതിലുകൾ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷ.

ബിജെപിയെ പരാജയപ്പെടുത്തുന്നതിന് എന്തിനും തയാറാണെന്ന് അരവിന്ദ് കേ‌ജ്‌രിവാളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 7 ലോക്സഭാ സീറ്റുകളിൽ മുഴുവൻ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എഎപിയും 4 ഇടത്തേയ്ക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷ‌നും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് കോൺഗ്രസിനെ നേതൃത്വത്തെ സമീപിച്ചത്.

×