Advertisment

ആദിവാസിവനാവകാശം റദ്ദാക്കുന്നത് ആതിരപ്പള്ളി പദ്ധതിക്കുള്ള മുന്നൊരുക്കം. വനാവകാശഭൂമി ഏതറ്റം വരെ പോയും സംരക്ഷിക്കും: ആസാദ് ഹിന്ദ് ഫൗജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

2006-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ ആദിവാസിവനാവകാശ നിയമമനുസരിച്ച് (ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍) ആദിവാസികള്‍ക്കു അനുവദിച്ച വനാവകാശ ഭൂമി റദ്ദാക്കിയതിനെതിരെ ആസാദ് ഹിന്ദ് ഫൗജ് നിയമ നടപടികൾ സ്വീകരിക്കുകയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യും.

Advertisment

publive-image

സംസ്ഥാനതലത്തില്‍ 35000-ത്തോളം വ്യക്തിഗത വനാവകാശ ക്ലെയിമുകളില്‍ 15758 എണ്ണം ഈ ജില്ലകളിലാണ് (ഇടുക്കി-11201, എറണാകുളം-1553, കോട്ടയം- 1704, പത്തനംതിട്ട-1130). റവന്യൂ വകുപ്പിന്‍റെ ജൂണ്‍-2-ലെ ഉത്തരവിലൂടെ (സ.ഉ.സാധാ.നം. 2020/2020/റവ: തീയതി 02/06/2020) 4 ജില്ലകളില്‍ ആദിവാസികള്‍ക്കുള്ള വനാവകാശം റദ്ദാക്കുകയും കേരള ഭൂപതിവ് ചട്ടത്തിന്‍റെ 2(ഇ) വകുപ്പ് അനുസരിച്ച് "സര്‍ക്കാര്‍ ഭൂമി"യായി കണക്കാക്കി ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും പട്ടയം നൽകാനും കേരള ഗവൺമെന്റ് ഉത്തരവിറക്കി.

കേരളത്തിലെ ആദിവാസികളുടെ വനാവകാശമുള്ള ഭൂമി റവന്യൂ ഭൂമിയാകുന്നതോടെ, ആദിവാസികള്‍ക്കുള്ള വനവിഭവങ്ങളുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടും. ആദിവാസി ഊര്കൂട്ടങ്ങള്‍ എന്ന നിലയില്‍ ഗ്രാമസഭകള്‍ക്ക്- വനത്തിലുള്ള എല്ലാ സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെടും. മുതുവാന്‍, മന്നാന്‍, ഉള്ളാടര്‍, ഊരാളി, മലപണ്ടാരം, മലയരയര്‍, കാണിക്കാര്‍ തുടങ്ങിയ ആദിവാസികള്‍ക്ക് വനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുക അസാദ്ധ്യമാകും.

ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയര്‍ ചരിത്രാതീതകാലം മുതല്‍ ശബരിമല അയ്യപ്പനിലും 18 മലകളിലും ഉന്നയിച്ചിരുന്ന അവകാശവാദം ദുര്‍ബ്ബലപ്പെടും. 20000 ഏക്കര്‍ ഭൂമിയിലാണ് നാല് ജില്ലകളിലായി വനാവകാശ കമ്മിറ്റി വഴി ആദിവാസികള്‍ അവകാശവാദം ഉന്നയിച്ചിരുന്നത്. ഇതില്‍ 10000 ഏക്കറോളം മാത്രമെ വനാവകാശ നിയമമനുസരിച്ച് നിലവില്‍ കൈവശാവകാശ രേഖ നല്‍കിയിട്ടുള്ളൂ. പകുതി വനം വകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.

വനാവകാശ നിയമം റദ്ദാക്കുന്നതോടെ ഈ ഭൂമിക്ക് ഇനി അവകാശം ഉന്നയിക്കാനാകില്ല. കൈവശരേഖ നല്‍കുന്നതോടെ ഇപ്പോഴുള്ള ഭൂമി ആദിവാസികള്‍ക്കും കയ്യേറ്റക്കാരായ അനാദിവാസികള്‍ക്കും പതിച്ചു നല്‍കും. ആദിവാസി ഊര് ഭൂമിയില്‍ നിരവധി കയ്യേറ്റങ്ങള്‍ നിലവിലുണ്ട്. പാട്ടമെന്നനിലയിലും മറ്റുതരത്തിലും കയ്യേറ്റമുണ്ട്. അടിമാലി പടിക്കപ്പ് ആദിവാസി ഊരില്‍ 61 ആദിവാസി കുടുംബങ്ങളുടെ ഭൂമിയില്‍ 30-ല്‍ ഏറെ പേര്‍ കയ്യേറിയിട്ടുണ്ട്.

പട്ടയം നല്‍കുമ്പോള്‍ കയ്യേറ്റക്കാര്‍ക്കും നല്‍കും. ഗണ്യമായ ഭൂമി അപ്പോൾ തന്നെ നഷ്ടപ്പെടും. ഭൂമിയുടെ ക്രയവിക്രയം തീരുമാനിക്കുന്നത് ശക്തരായ റിയല്‍ എസ്റ്റേറ്റുകാരും, ക്വാറിമാഫിയകളും, കുടിയേറ്റക്കാരും, രാഷ്ട്രീയ പ്രമാണിമാരുമായിരിക്കും. ആദിവാസികള്‍ പതുക്കെ മലയിറങ്ങേണ്ടിവരും.

കേന്ദ്ര ആദിവാസി നിയമമനുസരിച്ച് വ്യക്തിഗത വനാവകാശത്തോടൊപ്പം ഊര് കൂട്ടങ്ങള്‍ക്ക്, (ഗ്രാമസഭകള്‍ക്ക്), രണ്ട് ദശലക്ഷത്തോളം ഏക്കര്‍ വനഭൂമിയില്‍ സാമൂഹിക വനാവകാശത്തിന് അര്‍ഹതയുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്‍റെ ഗണ്യമായ ഭാഗം മേല്‍പറഞ്ഞ നാല് ജില്ലകളിലാണ്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ സാമൂഹിക വനാവകാശം നഷ്ടപ്പെടും.

ഇത് റദ്ദാക്കുക എന്നത് വനംവകുപ്പിന്‍റെയും നിയമവകുപ്പിന്‍റെയും താല്‍പ്പര്യമാണ്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് തടസ്സം നിന്നത് ഊര് കൂട്ടമാണെന്നത് ഏവര്‍ക്കുമറിയാം. ഊര് കൂട്ടത്തിന്‍റെ വനാവകാശം ഘട്ടം ഘട്ടമായി റദ്ദാക്കി, ആതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള നിഗൂഢമായ താല്‍പ്പര്യം നിയമവകുപ്പിനുണ്ട്.

ക്വാറിമാഫിയകള്‍ക്ക് പുതിയ സാധ്യതകളാണ് നല്‍കിയിരിക്കുന്നത്. ആദിവാസി വിഷയത്തില്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ ഒരു നിയമത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധകാരമില്ല. ജനങ്ങളെ ബന്തിയാക്കി കോവിഡുകാലത്തില്‍ നിയമവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിനുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ആസാദ് ഹിന്ദ് ഫൗജ് നേതൃത്വം നൽകും.

18 ഡിസംബർ 2006 നാണ് പാർലമെന്റ് വനാവകാശ നിയമം പാസാക്കിയത്. ആദിവാസികളുടെയും മറ്റു കാനന വാസികളുടെ യും വനത്തിന്റെ മേലുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ ഉള്ള യു എൻ ചാർട്ടറിന്റെ ചുവടുപിടിച്ചാണ് ഈ നിയമം പാസാക്കിയത്. ചരിത്രപരമായ പ്രായശ്ചിത്വം എന്നാണ് ഈ നിയമം സ്വയം അതിന്റെ പ്രിയാമ്പിൾ വിവരിക്കുന്നത്.

പ്രസ്തുത നിയമം സെക്ഷൻ 2 (C), 2(O) അനുസരിച്ച് 13 -12-2005നു മുമ്പ് വനഭൂമികളിൽ താമസിക്കുകയും, പരമ്പരാഗതമായി 75 വർഷത്തിനു മുകളിൽ പ്രസ്തുത ഭൂമി കൈവശം വെക്കുകയും, വനത്തിനെ ആശ്രയിച്ചു ജീവിക്കുന്നവരും ആയ ആദിവാസികൾക്കും മറ്റു കാനന വാസികൾക്ക് ആണ് വനാവകാശ നിയമം അനുസരിച്ച് ഭൂമി ലഭിക്കാൻ അർഹത. ഗ്രാമസഭകൾ ആണ് വനവകാശം നിയമം ബാധകമാകുന്ന ഭൂമികൾ നിർണയിക്കേണ്ടത്.

അത് പിന്നീട് താലൂക്ക് തല സമിതിയിലേക്ക് കൈമാറും. ജില്ലാതലത്തിൽ റവന്യൂ, ഫോറസ്റ്റ്, ട്രൈബൽ വകുപ്പുകളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 3 ജനപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് അന്തിമമായി വനവകാശം ഭൂമിക്ക് അംഗീകാരം നൽകുന്നത്.

അങ്ങനെ അംഗീകാരം നൽകുന്ന ഭൂമി കരം ഒഴിവാക്കപ്പെട്ട ഭൂമിയാണ്. ആദിവാസികൾക്കും മറ്റു കാനനവാസികൾക്കും ഈ ഭൂമി പാരമ്പര്യമായി മാത്രം കൈമാറാം. അല്ലാതെ ഉള്ള മുഴുവൻ കൈമാറ്റങ്ങളും വോയ്ഡ് അബിനിഷ്യു ആണ്. അതായത് ഒരു തരത്തിലും തുടക്കം മുതൽ അങ്ങനെയുള്ള ഒരു കൈമാറ്റവും സാധുവല്ല.

വന്യജീവികളെ സംരക്ഷിക്കാൻ വേണ്ടി മാത്രം സെക്ഷൻ 4 (2 ) പ്രകാരം കേന്ദ്ര സർക്കാറിനു വനവകാശ ഭൂമി വ്യവസ്ഥകളോടെ ഏറ്റെടുക്കാം. ശാസ്ത്രീയമായ പഠനം, വേറെ പോംവഴികൾ ഇല്ലാതിരിക്കൽ, പ്രാദേശിക ജനതയുടെ പൂർണമായ അനുമതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ഉള്ള പൂർണമായ പുനരധിവാസം തുടങ്ങിയ വ്യവസ്ഥകളാണ് വനവകാശം ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനു മുന്നിൽ ഉള്ളത്.

സംസ്ഥാന സർക്കാരിനോ അതിനു താഴെയുള്ള ജില്ലാ ഭരണകൂടങ്ങൾക്കോ, അന്തർ ജില്ലാ കൗൺസിലുകൾക്കോ മറ്റു തദ്ദേശഭരണസ്ഥാപനങ്ങൾക്കോ വനാവകാശ ഭൂമിയിൽ കൈകടത്താൻ യാതൊരു അവകാശവുമില്ല. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കുകയാണ് ഗവർണറെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഈ നടപടി.

aasath hind foundation
Advertisment