അങ്കണവാടി, ആശാ പ്രവര്‍ത്തകരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ന്യൂഡല്‍ഹി: അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശമ്പള വര്‍ദ്ധന പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നല്‍കുന്ന വിഹിതം ഇരട്ടിയാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 1500 രൂപ കൂട്ടും. ഒക്ടോബര്‍ ഒന്ന് മുതല്‍ ശമ്പള വര്‍ദ്ധനവ് നിലവില്‍ വരും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിഫല വിഹിതം ഇതിനു പുറമേയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ആശാ അങ്കണവാടി പ്രവര്‍ത്തകരുമായി തത്സമയ സംവാദം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

ആനുകൂല്യം ആശാ വര്‍ക്കര്‍മാര്‍ക്കും സഹായികള്‍ക്കും ലഭിക്കും. പുറമേ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷാ യോജന എന്നീ പദ്ധതികള്‍ പ്രകാരം നാലു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സില്‍ സൗജന്യമായി അംഗങ്ങളാക്കും. പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. അങ്കണവാടി ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സഹായങ്ങളില്‍ പലതും ഐസിഡിസ് പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും.

ആരോഗ്യമേഖലയില്‍ മികവുറ്റ നേട്ടങ്ങള്‍ക്കാണു കേന്ദ്രം ശ്രമിക്കുന്നത്. പോഷകമൂല്യമുള്ള ഭക്ഷണവും ഗുണമേന്മയോടെയുള്ള ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുന്നതിലാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ. ദുര്‍ബലമായ അടിത്തറയില്‍ ഒരാള്‍ക്കും കരുത്തുറ്റ കെട്ടിടം നിര്‍മിക്കാനാകില്ലെന്നോര്‍ക്കണം. രാജ്യത്തെ കുട്ടികള്‍ ദുര്‍ബലരായാലുള്ള അവസ്ഥയും അതു തന്നെയാണ്. രാജ്യപുരോഗതി മന്ദഗതിയിലാകും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ അതിവേഗത്തിലാണു മുന്നേറുന്നത്. ഇതില്‍ പരമാവധി കുട്ടികളെയും വനിതകളെയും പങ്കാളികളാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പുതിയ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ നല്‍കുന്ന അങ്കണവാടിആശാ പ്രവര്‍ത്തകരുടെ ക്ഷേമവും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫീസ് വാങ്ങാതെ ഗര്‍ഭിണികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുള്ള നന്ദിയും പ്രധാനമന്ത്രി അറിയിച്ചു.

×