Advertisment

കുവൈറ്റില്‍ ലോക്ക്ഡൗണിനു ശേഷമുള്ള പ്രവാസി ജീവിതവും അതികഠിനം ! വിണ്ടും ജോലിയില്‍ കയറിയവര്‍ക്ക് ശമ്പളത്തില്‍ വെട്ടിക്കുറവ് ! ടെര്‍മിനേഷനും അനവധി ! സര്‍വ്വവും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നവരുടെ എണ്ണം പെരുകുന്നു ?

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡ് കാലത്തെ അണ്‍ലോക്ക് പ്രക്രിയ പുരോഗമിക്കുമ്പോഴും കുവൈറ്റിലെ പ്രവാസി ജീവിതങ്ങള്‍ നീങ്ങുന്നത് വലിയ പ്രതിസന്ധിയിലേയ്ക്കും. ഇറാഖ് യുദ്ധകാലത്തിനു ഷേശമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കുവൈറ്റില്‍ പ്രവാസികള്‍ നിലവില്‍ നേരിടുന്നത്.

പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍നിന്നും ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ ഇളവിനു ശേഷം പ്രവാസികള്‍ ജോലിക്കു പോകുന്നുണ്ടെങ്കിലും മിക്ക കമ്പനികളും ഇവരുടെ ശമ്പളത്തില്‍ പകുതിവരെ കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്.

മാത്രമല്ല, തിരികെ ചെല്ലുന്നവരില്‍ നല്ലൊരു ശതമാനത്തിനും ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കി പിരിച്ചുവിടലിനൊരുങ്ങുന്നതും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കൂപ്പുകുത്തി നിര്‍മ്മാണ മേഘല

നിര്‍മ്മാണ മേഖലയിലാണ് ഏറ്റവുമധികം തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. മിക്ക പദ്ധതികളും നിലച്ചിരിക്കുകയാണ്. ചില ആശുപത്രി പദ്ധതികള്‍, ജസ്റ്റിസ് പാലസ്, ഷാബ് പാര്‍ക്ക് മുതലായ ഏതാനും പദ്ധതികള്‍ മാത്രമാണ് തുടരുന്നത്.

ഇറാഖ് യുദ്ധത്തിനുശേഷം കുവൈറ്റിന്‍റെ മുഖഛായ മാറ്റാനായി തുടക്കം കുറിച്ച പദ്ധതികള്‍ മിക്കവയും പൂര്‍ത്തിയാകുകയും ചെയ്തു. കുവൈറ്റിലേയ്ക്ക് പ്രതീക്ഷിക്കുന്ന വമ്പന്‍ പദ്ധതിയായ സില്‍ക്ക് സിറ്റി ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും അത് എന്ന് ആരംഭിക്കും എന്നത് സംബന്ധിച്ച് വ്യക്തത ഇനിയുമില്ല.

ലോക്ക്ഡൗണ്‍ കാലത്ത് കുറച്ച വാടകയൊക്കെ പഴയപടി !

ഇത്തരത്തില്‍ പ്രവാസികളുടെ വരുമാന മാര്‍ഗങ്ങള്‍ ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുമ്പോഴും അവന്‍റെ ചിലവുകളില്‍ കുറവൊന്നുമില്ല.

ലോക്ക്ഡൗണ്‍ കാലത്ത് ബില്‍ഡിംഗ് ഉടമകള്‍ വാടക കുറയ്ക്കുകയോ ഇളവുകള്‍ അനുവദിക്കുകയോ ചെയ്തിരുന്നെങ്കില്‍ ആ ഇളവുകളൊന്നും ഇനി ബാധകമല്ലെന്ന നിലപാടിലാണവര്‍. അതിനാല്‍ തന്നെ വരുമാനമില്ലെങ്കിലും വാടകയും ചിലവും പഴയതുപോലെ സഹിക്കേണ്ട ഗതികേടിലാണ് പ്രവാസി സമൂഹം.

പ്രത്യേകിച്ചും മലയാളികള്‍ അടക്കമുള്ള പ്രവാസികളിലാണ് ബില്‍ഡിങ്ങ് ഉടമകള്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ തുടരുന്നത്. കാരണം ഈജിപ്തുകാരും ഫിലിപ്പീന്‍ പൗരന്മാരുമൊന്നും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല.

എന്നാല്‍ വാടക കൊടുക്കാതെ അവരുമായി തര്‍ക്കിക്കാനോ മലയാളികളുടെ അഭിമാനബോധം അനുവദിക്കാറുമില്ല.

സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് പാലായനം !

കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവരും കുവൈറ്റില്‍ തുടരാന്‍ കഴിയാത്ത വിധം ശമ്പളത്തില്‍ കുറവു വന്നവരുമൊക്കെ ഇപ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങുകയൊ മടങ്ങിയവര്‍ തിരികെ വരാനാകാതെ നാട്ടില്‍ തുടരുകയോ ആണ്.

തങ്ങള്‍ താമസിച്ച കെട്ടിടത്തില്‍ വാങ്ങിക്കൂട്ടിയ ലക്ഷങ്ങള്‍ വിലവരുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളുമൊക്കെ ഇട്ടെറിഞ്ഞാണ് ബഹുഭൂരിപക്ഷവും മടങ്ങിയിരിക്കുന്നത്.

മുമ്പ് ഇങ്ങനെ ആളുകള്‍ മടങ്ങുമ്പോള്‍ പഴയ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ആളെ കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ആര്‍ക്കും വേണ്ട എന്നതാണ് സ്ഥിതി. ആളൊഴിഞ്ഞ നിരവധി കെട്ടിടങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്.

അബ്ബാസിയയിലേക്ക് ഭിക്ഷാടകരും

അബ്ബാസിയയില്‍ ഭിക്ഷാടന മാഫിയകളുടെ എണ്ണം പെരുകുന്നതാണ് മറ്റൊരു പ്രതിസന്ധി. മുമ്പ് ഹസാവി കേന്ദ്രീകരിച്ചിരുന്ന ബംഗാളി വഴിയോര കച്ചവടക്കാരും അബ്ബാസിയയിലേയ്ക്ക് ചേക്കേറുകയാണ്. ഇത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ വേറെയാണ്.

kuwait
Advertisment