Advertisment

അബായ" തന്നെ വേണമെന്നില്ല; സ്ത്രീകൾക്ക് മാന്യമായ ഏതു വസ്ത്രവും അണിയാം: സൗദി കിരീടാവകാശി

New Update

ജിദ്ദ: സൗദിയിൽ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ അണിയുന്ന അബായ എന്ന മുഴുവസ്ത്രം ഇനിമുതൽ നിര്ബന്ധമല്ലാതാവുന്നതിന്റെ സൂചനയുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലുസഊദ്‌ രാജകുമാരൻ. തന്റെ ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അമേരിക്കൻ ടി വി ചാനലായ സി ബി എസ് നെറ്റ്‌വർകിന്റെ "അറുപതു മിനുട്ട്" അഭിമുഖത്തിൽ സൗദി കിരീടാവകാശി വിവരിച്ചു.

Advertisment

publive-image

ആനുകാലികമായി സൗദി സമൂഹം സാക്ഷ്യം വഹിക്കുന്ന ഒട്ടേറെ പരിഷ്കരണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ശക്തനായ യുവകിരീടാവകാശിയുടെ അഭിപ്രായങ്ങൾ രാഷ്ട്രത്തിന്റെ നയപ്രഖ്യാപനത്തിന് തുല്യമായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

വേഷവിധാനത്തിന്റെ കാര്യത്തിലെ പ്രധാനകാര്യം അത് മാന്യമായതായിരിക്കണമെന്നത് മാത്രമാണെന്നും പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായ വേഷമാണ് ധരിക്കേണ്ടതെന്നും അതിന് പറ്റിയ വേഷവിധാനം അന്തിമമായി സ്ത്രീകളാണ് തിരഞ്ഞെടുക്കേണ്ടതെന്നും സൗദി കിരീടാവകാശി തുടർന്നു. ഇസ്‌ലാമിൽ ആണിനും പെണ്ണിനും ഏതെങ്കിലും പ്രത്യേക വസ്ത്രങ്ങൾ നിര്ണയിക്കപ്പെട്ടിട്ടില്ല.

സ്ത്രീകളും പുരുഷന്മാരും മറക്കേണ്ട ശരീര ഭാഗങ്ങളെ കുറിച്ച് മാത്രമേ ഇസ്‌ലാം പറഞ്ഞിട്ടുള്ളൂ. മുഹമ്മദ് സൽമാൻ രാജകുമാരൻ വിവരിച്ചു.

പുരുഷന്മാരും സ്ത്രീകളും എല്ലാം മനുഷ്യരും അതിനാൽ തന്നെ സമൂഹത്തിൽ ഒരേ പോലെ തുല്യരുമാണെന്നും സൗദി അറേബ്യയുടെ ശക്തനായ യുവകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലുസഊദ്‌ രാജകുമാരൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും വേതന തുല്യത ഉറപ്പു വരുത്താൻ സൗദി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രൈവിംഗ് അനുമതി അടക്കമുള്ള സ്വാത്ര്യങ്ങൾ അവർക്കു തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന കാര്യവും പരിഷ്കൃത സൗദിയുടെ യുവനായകൻ വിവരിച്ചു.

തിങ്കളാഴ്ച ആരംഭിച്ച സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരന്റെ ആദ്യ അമേരിക്കൻ സന്ദർശനത്തിന്റെ മുന്നോടിയായി അഭിമുഖം സംപ്രേക്ഷണം ചെയ്തു. സൗദി സമൂഹത്തിൽ വലിയ കയ്യടിയാണ് മുഹമ്മദ് സൽമാന്റെ അഭിമുഖം നേടിക്കൊണ്ടിരിക്കുന്നത്.

അതിതീവ്ര മുസ്ലിം സമൂഹം എന്ന വിശേഷണം ചാർത്തപ്പെട്ട സൗദി സമൂഹം അത് മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് മുഹമ്മദ് സൽമാൻ രാജകുമാരൻ വിരൽ ചൂണ്ടി. സിനിമാ തിയറ്ററുകൾ ഉണ്ടായിരുന്ന, സ്ത്രീകൾ ജോലികളിൽ ഏർപ്പെട്ടിരുന്ന, വാഹനം ഡ്രൈവ് ചെയ്തിരുന്ന, മറ്റേതു സമൂഹത്തെയും പോലെയായിരുന്ന സൗദി സമൂഹത്തിൽ 1979 മുതലാണ് തീവ്രവാദത്തിന്റെ ദൂഷ്യങ്ങൾ നാമ്പെടുത്തതെന്ന് അദ്ദേഹം വിവരിച്ചു. മേഖലയിൽ ഇറാനിലുണ്ടായ വിപ്ലവം സൃഷ്ട്ടിച്ച വിപത്തുകളിലേക്കാണ് രാജകുമാരൻ സൂചിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

publive-image

ഇറാൻ ആണവായുധം വികസിപ്പിച്ചെടുത്താൽ ഉറപ്പായും തങ്ങൾക്കും അതിനു മുതിരേണ്ടി വരുമെന്ന് വിവരിച്ച മുഹമ്മദ് സൽമാൻ രാജകുമാരൻ സൗദിയെ സംബന്ധിച്ചിടത്തോളം ഇറാൻ ഒരു തുല്യരാജ്യമല്ലെന്നും തുടർന്നു. ഇരു രാജ്യങ്ങളുടെയും സമ്പദ് ഘടനയുടെ ശക്തി തുല്യമല്ല. ഇതേ വ്യത്യാസം സൈനിക ശക്തിയിലും കാണാം. മുസ്ലിം ലോകത്തെ ഏറ്റവും ശക്തമായ അഞ്ചു സൈന്യങ്ങളിൽ ഇറാൻ ഉൾപ്പെടുന്നില്ല. ഉസാമ ബിൻ ലാദിന്റെ കുടുംബത്തിനും അൽഖായിദ നേതാക്കൾക്കും അഭയം നൽകുന്ന ഇറാന്റെ ആത്മീയ നേതാവ് ഇന്നത്തെ ഹിറ്റ്ലർ ആണെന്ന് സൗദി കിരീടാവകാശി വിശേഷിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിൽ തീവ്രവാദികളായ മുസ്‌ലിം ബ്രദർഹുഡിന്റെ സ്വാധീനം വൈകാതെ പൂർണമായും ഇല്ലാതാക്കും. സൗദിയിലെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച്, ശ്രദ്ധയിൽ പെടുന്ന പോരായ്മകളും അപാകതകളും പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും മനുഷ്യാവകാശ തത്വങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യയെന്നും കിരീടാവകാശി പറഞ്ഞു. എന്നാൽ, ഇതിലെ മാനദണ്ഡങ്ങളിൽ സൗദിയും അമേരിക്കയും തമ്മിൽ അന്തരങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം തുടർന്നു.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ പതിനായിരം കോടിയിലേറെ ഡോളർ സർക്കാർ ഖജനാവിന് ലഭിച്ചതായും എന്നാൽ അതിന്റെ ലക്‌ഷ്യം ധനസമാഹരണമായിരുന്നില്ലെന്നും പരിഷ്കൃത സൗദിയുടെ യുവനായകൻ വിവരിച്ചു.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം തകർക്കാനാണ് സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് 15 സൗദി പൗരന്മാരെ അക്രമികൾ നിയമിച്ചതെന്നും ഇതിലൂടെ ഉണ്ടായ അകൽച്ച തീർന്നു കൊണ്ടിരിക്കുകയാണെന്നും സൗദി കിരീടാവകാശി ടെലിവിഷൻ അഭിമുഖത്തിൽ വിവരിച്ചു.

Advertisment