Advertisment

പോലീസിനെതിരെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ്;അന്വേഷണത്തില്‍ പഴയ താത്പര്യമില്ല,പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും പിതാവ് മനോഹരന്‍

New Update

Advertisment

അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പിതാവ് മനോഹരന്‍. കേസ് അന്വേഷണത്തില്‍ പോലീസിന് പഴയ താല്‍പ്പര്യമില്ലെന്നും പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അച്ഛന്‍ മനോഹരന്‍ പ്രതികരിച്ചു. കൊലപാതകം നടന്ന് അഞ്ച് മാസമായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അഭിമന്യുവിനെ കുത്തിയ പ്രതി സഹലിനെ ഇതുവരെ പിടികൂടാനായില്ല. അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരന്‍ പറഞ്ഞു.

അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിചാരണ ഏത് സെഷന്‍സ് കോടതിയില്‍ നടത്തണമെന്നതടക്കമുള്ള തുടര്‍ നടപടി ഇനി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും പരിഗണിക്കുക. കുറ്റപത്രത്തിലെ പ്രാരംഭ നടപടി മജിസ്‌ട്രേറ്റ് കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കേസില്‍ എട്ട് പ്രതികളാണ് വിചാരണക്ക് വിധേയരാകുക. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്നും കുറ്റ പത്രത്തിലുണ്ട്. മുഖ്യപ്രതിയായ മുഹമ്മദ് അടക്കം എട്ട് പേരുടെ വിചാരണ നടപടികള്‍ക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്.

പ്രതികളെ വിളിച്ചുവരുത്തി പകര്‍പ്പ് നല്‍കിയ ശേഷമാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് കേസിന്റെ വിചാരണ ഏത് കോടതിയില്‍ വേണമെന്ന് അന്തിമ തീരുമാനം എടുക്കുക. കേസിലെ 16 പ്രതികളില്‍ എട്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്ന എട്ട് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment