Advertisment

അമ്പത്തിയഞ്ചു വര്‍ഷമായി കുറുത്തമ്മയെ ഓര്‍ത്ത് കൊച്ചുമുതലാളി കടപ്പുറത്ത് പാടിത്തുടങ്ങിയിട്ട്. മരണം വരെ അഭിനയിക്കും പദ്മശ്രീ മധു

author-image
admin
New Update

 

Advertisment

അമ്പത്തിയഞ്ചു വര്‍ഷമായി കുറുത്തമ്മയെ ഓര്‍ത്ത് കൊച്ചുമുതലാളി കടപ്പുറത്ത് പാടിത്തുടങ്ങിയിട്ട്. മരണം വരെ അഭിനയിക്കും പദ്മശ്രീ മധു......രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ച് കടന്നുപോയിട്ടും മലയാളത്തിലെ നിരാശാകാമുകന്മാര്‍ക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. നിലാവില്‍ മന്നാഡേയിലൂടെ പാടിയ പാട്ടിന്‍റെ സ്വരമാണ്. 

പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങള്‍ മലയാളം കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. പ്രണയനൈരാശ്യം മാത്രമല്ല. പിന്നെയും ആ മുഖത്ത് ഒരുപാട് ഭാവങ്ങളും വികാരങ്ങളും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് മിന്നിമാഞ്ഞു. അങ്ങനെ മധു എന്ന നടനവിസ്മയത്തെ മലയാളം ഭാവാഭിനയ ചക്രവര്‍ത്തിയെന്ന് അഭിമാനത്തോടെ വിളിച്ചു. ആ ചക്രവര്‍ത്തി അല്‍പ്പം പഴയകാല സംഭവങ്ങള്‍ ഓര്‍ക്കാനും പങ്കുവെക്കാനും തിരക്കിട്ട റിയാദ് സന്ദര്‍ശന വേളയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലുരുമായി സംസാരിച്ച ചെറിയ അഭിമുഖം

82 നിറവിലാണ് താങ്കള്‍. എന്താണ് ആരോഗ്യത്തിന്റെ രഹസ്യം?

അങ്ങനെ പ്രത്യകിച്ച് രഹസ്യമൊന്നും ഇല്ല. അതിനായി ഒന്നും ചെയ്യുന്നുമില്ല . ദിനചര്യകള്‍ പാലിച്ചുകൊണ്ട് കൃത്യമായി മുന്നോട്ട് പോകുന്നു, അത്രമാത്രം . പിന്നെ ചെറുതായി ഒന്ന് നടക്കും . പിന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് പോകുമ്പോള്‍ ഇതുവരെ ക്ഷീണം അറിഞ്ഞിട്ടില്ല . എങ്കിലും പ്രായം 82 ആയില്ലേ എന്ന് മറുചോദ്യം . പിന്നെ ചെറുപുഞ്ചിരിയും.



പ്രായമായ സ്ഥിതിക്ക് കലാരംഗത്തു നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടുണ്ടോ?



ഒരിക്കലും ഇല്ല..ആരാ പറഞ്ഞത് എനിക്ക് പ്രായമായെന്ന്. ഒരു കലാകാരന് മരണംവരെ, അവന്റെ ആരോഗ്യം അനുവധിക്കുന്നതുവരെ കലാരംഗത്ത് തുടരാനാകും , ആകണം . കലയാണ് എന്റെ ജോലി . അത് ചെയ്യാന്‍ കഴിയുന്ന സമയംവരെ തുടരും. കലയെ മറന്നുകൊണ്ട് ജീവിക്കാന്‍ എനിക്ക് കഴിയില്ല . എനിക്കെന്നല്ല ആര്‍ക്കും.

പഴയകാല സഹപ്രവര്‍ത്തകരുമായി ഇപ്പോഴും ബന്ധം സുക്ഷിക്കാറുണ്ടോ?

പലരും വിളിക്കാറുണ്ട് . സുഖ വിവരങ്ങള്‍ തിരക്കാറുണ്ട് . മറിച്ച് ഞാനും അവരെക്കുറിച്ച് അന്വേഷിക്കാറുണ്ട് . അവര്‍ മാത്രമല്ല, പുതുതലമുറയിലെ പല ചെറുപ്പക്കാരും വിളിക്കാറുണ്ട് , സംശയങ്ങള്‍ ചോദിക്കാറുണ്ട് . പലകുട്ടികളും വീട്ടില്‍ വരാറുണ്ട് .

അമ്പത്തിരണ്ട് വര്‍ഷമായി മധുവെന്ന അതുല്യനടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു

കോളേജ് അധ്യാപകനായിരുന്ന മാധവന്‍ നായര്‍ എന്ന ഞാന്‍ വഴിതെറ്റി എത്തിയതായിരുന്നില്ല സിനിമയില്‍ . കുട്ടിക്കാലത്ത് മുത്തച്ഛന്റെ നാടകം കണ്ടത് മുതല്‍ തുടങ്ങിയതായിരുന്നു അഭിനയത്തോടുള്ള അഭിനിവേശം. സ്‌കൂളിലെയും കോളേജിലെയുമെല്ലാം പതിവ് നാടകവേദികളോട് അന്നേ അത്ര പഥ്യം പോര.ഗൗരവമേറിയ നാടകപ്രവര്‍ത്തനത്തോടായിരുന്നു എനിക്ക് കമ്പം. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി നാഗര്‍കോവിലില്‍ കോളേജ് അധ്യാപകനായപ്പോഴും മനസ്സില്‍ അരങ്ങിനോടുള്ള അഭിനിവേശത്തിന്റെ തീ കെടാതെ നിന്നു.

അങ്ങനെയാണ് തിരുവനന്തപുരം മേയറായിരുന്ന എന്റെ അച്ഛന്‍ പരമേശ്വരന്‍ പിള്ളയുടെ സ്‌നേഹശാസനയ്ക്കു വഴങ്ങാതെ അധ്യാപകജോലി ഉപേക്ഷിച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ ഡെല്‍ഹിക്ക് വണ്ടി കയറിയത്.ഡെല്‍ഹിയിലെ നാടകക്കളരിയും ജീവിതവുമാണ് എന്റെ ജാതകം തിരുത്തിക്കുറിച്ചത്.

ഒരിക്കല്‍ ദേശീയ അവാര്‍ഡ് വാങ്ങാനെത്തിയ അടൂര്‍ഭാസിയെ കാണാന്‍ യോഗമുണ്ടായി. അവിടെവച്ച് ഭാസിയാണ് എന്നെ രാമുകാര്യാട്ടിന് പരിചയപ്പെടുത്തിയത്. കണ്ടമാത്രയില്‍ കാര്യാട്ടിന്റെ ചോദ്യം: സിനിമയില്‍ അഭിനയിക്കുന്നോയെന്ന്. മൂന്നു മാസം കാത്തിരിക്കണം. കോഴ്‌സ് കഴിഞ്ഞിട്ടു വരാമെന്നായിരുന്നു എന്റെ മറുപടി. അങ്ങനെ നാടകത്തോട് വിടപറഞ്ഞ് ചെന്നൈയിലേയ്ക്ക്.

1963ല്‍ രാമു കാര്യാട്ടിന്റെ മൂടുപടത്തില്‍ മുഖം കാണിക്കുമ്പോള്‍ വയസ് മുപ്പതാണ്. എന്നാല്‍, എന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രമാവാനുള്ള നിയോഗം എന്‍.എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്‍പ്പാടി'നായിരുന്നു. നസീറും ഷീലയും നായികാനായകന്മാരായ ആദ്യചിത്രം. വിചിത്രമായ നിയോഗമാണ് എന്നെ നിണമണിഞ്ഞ കാല്‍പ്പാടിലെത്തിച്ചത്.നസീറും സത്യനുമായിരുന്നു അതിലെ മുഖ്യവേഷമായി നിശ്ചയിച്ചത്. നസീറിന് മുന്‍തൂക്കമുള്ള വേഷമായതിനാല്‍ സത്യന്‍ അവസാനനിമിഷം പിണങ്ങി പിന്‍മാറി. അങ്ങനെ രാമു കാര്യാട്ട് വഴി എനിക്ക് നറുക്ക് വീണു.

എന്‍.സി.സി. വിദ്യാര്‍ഥികളുടെ യൂണിഫോം കടംവാങ്ങിയാണ് ഞാന്‍ പട്ടാളക്കാരന്‍ സ്റ്റീഫനായത്.അങ്ങനെ കോളേജ് അധ്യാപകനായി തുടങ്ങി, നാടകം പഠിച്ച ഞാന്‍ ഒടുവല്‍ ഒരു സിനിമാനടനായി. മാധവന്‍ നായരെ നിങ്ങള്‍ വിളിക്കുന്ന മധുവാക്കിയത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്ന കവി ഭാസ്‌കരന്‍ മാഷാണ്. സിനിമയുടെ ടൈറ്റിലില്‍ നിന്നാണ് താന്‍ മധുവായി മാറിയ കഥ ഞാന്‍ അറിയുന്നത്. അതും രണ്ടാം തവണ സിനിമ കണ്ടപ്പോള്‍ മാത്രം.

സത്യനും നസീറും കിരീടംവച്ച രാജാക്കന്മാരായി നിറഞ്ഞുനിന്നിട്ടും മധുവെന്നൊരു നായകനെ കൂടി വാഴിക്കാന്‍ മലയാള സിനിമ സൗമനസ്യം കാണിച്ചു. എന്താണ് അതിന്റെ രഹസ്യം

തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെല്ലുവിളി തന്നെയായിരന്നു. സത്യന്റെ പരുക്കന്‍ ഭാവങ്ങള്‍ക്കും നസീറിന്റെ കോമള രൂപത്തിനുമിടയില്‍ അതിഭാവുകങ്ങള്‍ ഒന്നുമില്ലാതിരുന്ന ഒരു തനി സാധാരണക്കാരനായിട്ടായിരുന്നു എന്റെ വരവ്.

അയല്‍പക്കത്തും ആള്‍ത്തിരക്കിലുമെല്ലാം നമുക്ക് കണ്ടുപരിചിതമായ മുഖം. പിന്നെ ഞാന്‍ വലിയ സുന്ദരനൊന്നും അല്ല . ഒരു മൂന്നാം നായകന് കൂടി മലയാള സിനിമയില്‍ ഇടമുണ്ടെന്ന് പ്രേഷകര്‍ തിരിച്ചറിഞ്ഞ് കാണണം . ഞാന്‍ അഭിനയിക്കുമ്പോള്‍ അതിഭാവുകങ്ങള്‍ പ്രകടിപ്പിക്കാറില്ല. അത് ആ സമയത്ത് മനസ്സില്‍ വരുന്ന ഭാവങ്ങള്‍ അത്രമാത്രം. ഇടക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നി ഇടക്ക് ഒന്ന് നിര്‍ത്തി.

കുട്ടിക്കുപ്പായം, ഭാര്‍ഗവീനിലയം, ആദ്യകിരണങ്ങള്‍, മുറപ്പെണ്ണ്, കാട്ടുപൂക്കള്‍... അഭിനയ സാധ്യതയുടെ വലിയൊരു ക്യാന്‍വാസ് ഒരുക്കിവച്ച, മണ്ണിന്റെ മണമുള്ള വേഷങ്ങള്‍ ഒരുപാട് കിട്ടി. അതുകൊണ്ടുതന്നെ ജനമനസില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞു ഭാര്‍ഗവീനിലയത്തില്‍ നസീറായിരുന്നു നായകന്‍. എങ്കിലും ഞാന്‍ അവതരിപ്പിച്ച സാഹിത്യകാരനിലൂടെയാണ് കഥ മുന്നേറുന്നത്. മിനിറ്റുകളോളം ഫ്രെയിമില്‍ തനിച്ചുനിന്ന് ഭാര്‍ഗവിക്കുട്ടിയോട് സംസാരിക്കുന്ന രംഗം ദൃശ്യാവിഷ്‌കാരത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ഇന്നും എനിക്ക് ഒരു അത്ഭുതമാണ്. കലാകാരനെ ശരിക്കും തിരിച്ചറിയുന്നത് സങ്കീര്‍ണമായ ഇത്തരം കഥാപാത്രാവിഷ്‌കാരത്തോടെയാണ് എന്ന് ഞാന്‍ കരുതുന്നു .

മലയാളി പ്രേക്ഷകന്‍ മധുസാറിനെ എല്ലാ അര്‍ഥത്തിലും പ്രണയിച്ചു തുടങ്ങിയത് ചെമ്മീന്‍ എന്ന സിനിമയോടെയാണ് . പരീകുട്ടിയെ എങ്ങനെ ഓര്‍മ്മിക്കുന്നു 

ഇപ്പോള്‍ ദേശീയതലം വരെയെത്തിയ പരീക്കുട്ടിയുടെ പെരുമയ്‌ക്കൊപ്പം ഞാന്‍ നായകനിരയിലേയ്ക്കും മെല്ലെ ചുവടുവച്ച പടം ചെമീന്‍ ആണ് . തകഴിയുടെ നോവല്‍ പലയാവര്‍ത്തി വായിക്കുമ്പോള്‍ തന്നെ ഞാന്‍ പരീക്കുട്ടിയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു . കഥാപാത്രത്തോടുള്ള പ്രണയമത്രയും പരീക്കുട്ടിയില്‍ നിറഞ്ഞുനിന്നു.

വിഷാദനായകന്റെ ഭാവങ്ങള്‍ക്ക് അത് പൂര്‍ണതയേകി. എന്റെ കഥാപാത്രമായ പരീകുട്ടി എന്ന നിരാശാകാമുകനെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം എന്റെ മനസിലലിഞ്ഞുപോയി. ഇന്നും അതുപോലെ ഒരു നിരാശകാമുകന്‍, സ്‌നേഹത്തിന്റെ ഉറവിടമുള്ള അതുപോലെ ഒരു ചിത്രം ലോകത്തുണ്ടോ എന്ന് സംശയമാണ് . ചെമ്മീനിനെ കുറിച്ചും രാമുകാര്യാട്ടിനെ കുറിച്ചും പിന്നെ പരീകുട്ടി എന്ന കഥാപാത്രവും കറുത്തമ്മ എന്ന കഥാപാത്രവും ഒരിക്കലും മറക്കാന്‍ കഴിയില്ല . ഈ കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്നും കാണാന്‍ കഴിയും .

300 ലേറെ ചിത്രങ്ങള്‍ അഭിനയിച്ചു. കൂടുതല്‍ ചിത്രങ്ങളില്‍ താങ്കളെ കാണേണ്ടതായിരുന്നു . അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്

ചിത്രങ്ങളുടെ എണ്ണത്തിലായിരുന്നില്ല, ജീവന്‍ പകരുന്ന കഥാപാത്രങ്ങളിലായിരുന്നു എന്റെ ശ്രദ്ധ. വ്യക്തിത്വമുള്ള, വെല്ലുവിളിയാര്‍ന്ന വേഷങ്ങളോടായിരുന്നു അഭിനിവേശം. അത്തരം വേഷങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു . ഒരിക്കലും നായകന്റെ പകിട്ടിനു പിറകെ പാഞ്ഞില്ല. സത്യന്റെ വിയോഗത്തിനുശേഷം സൂപ്പര്‍താര പദവി വച്ചുനീട്ടിയപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് . അവര്‍ക്ക് അവരുടെ സ്ഥാനമുണ്ട്. അത് എന്നും നിലനില്‍ക്കും സത്യനോടും നസീറിനോടും തോളോടു തോള്‍ ചേര്‍ന്ന് നായകനിരയില്‍ സിംഹാസനമിട്ടിരിക്കുമ്പോള്‍, എന്റെ ആദ്യ ചിത്രമായ പ്രിയ ഒരുക്കുന്ന തിരക്കിലായിരുന്നു ഞാന്‍ , 1970ല്‍.തന്റെ കന്നിച്ചിത്രത്തില്‍ അടൂര്‍ഭാസി ആയിരുന്നു നായകന്‍ . ഗോപന്‍ എന്ന വില്ലന്‍ വേഷമായിരുന്നു എനിക്ക് ഗോപനിലെ അഭിനയ സാധ്യത മാത്രമാണ് ഞാന്‍ നോക്കിയത് . ഏത് കഥാപാത്രം ആയാലും അഭിനയത്തോട് കൂറ് പുലര്‍ത്തുക . പടങ്ങളുടെ എണ്ണമല്ല മറിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രേഷകര്‍ എത്രമാത്രം സീകരിച്ചുവെന്നതാണ് പ്രധാനം.

അമിതാബ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയില്‍ അങ്ങ് അദേഹത്തോടൊപ്പം അഭിനയിച്ചു. പിന്നിട് ബോളിവുഡില്‍ തങ്ങാതിരുന്നതിന്റെ കാരണമെന്താണ്.

ഹിന്ദി അറിയാം എന്നതിന്റെ ബലത്തിലാണ് കെ.എം. അബ്ബാസ് ഗോവാവിമോചനം പ്രമേയമാക്കിയെടുത്ത ചിത്രത്തിലേയ്ക്ക് ഇന്ത്യയിലെ ഏഴു പ്രദേശങ്ങളില്‍ നിന്നുള്ള നടന്മാര്‍ക്കൊപ്പം എന്നെയും ക്ഷണിച്ചത്. സുബോധ് സന്യാല്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്.

അന്ന് ചിത്രത്തില്‍ വേഷമിട്ടവരില്‍ ഏറ്റവും പ്രശസ്തനും ഞാന്‍ തന്നെ. എന്നാല്‍, പിന്നീട് ബോളിവുഡ് വച്ചു നീട്ടിയ ഓഫറുകളെല്ലാം സ്‌നേഹത്തോടെ നിരസിച്ച് മലയാളത്തിലേയ്ക്ക് തന്നെ മടങ്ങുകയായിരുന്നു ഞാന്‍. നായകന് ഇടിച്ച് നിലംപരിശാക്കാന്‍ പാകത്തിലുള്ള സാമാന്യം തടിയും സൗന്ദര്യവുമുള്ള ഒരാളായി മാത്രമേ ബോളിവുഡ് തന്നെ കണ്ടിരുന്നുള്ളൂവെന്ന തിരിച്ചറിവ് ഉണ്ടായി. അതുകൊണ്ട് ആ മണ്ണ് എനിക്ക് പറ്റില്ലെന്ന് തോന്നി പിന്നെ ബോളിവുഡ് ഓഫറുകള്‍ വന്നെങ്കിലും എല്ലാം വേണ്ടന്ന് വെച്ച് മലയാളത്തില്‍ ശ്രദ്ധകേന്ദ്രികരിക്കാമെന്ന് കരുതി . പിന്നെ കഥാപാത്രങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗ്ലാമറല്ല, അത് അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയാണ് യഥാര്‍ഥ ആനന്ദം എന്ന് എനിക്ക് തോന്നുന്നു.

പുതിയ തലമുറയിലെ അഭിനേതാക്കളെ കുറിച്ച് ? 

എല്ലാവരും നല്ല മിടുക്കന്‍മാരാണ്, കഴിവുള്ളവര്‍. ഓരോ കാലഘട്ടത്തിലും ഓരോ മാറ്റങ്ങള്‍ ഉണ്ടാകും . ഞാന്‍ അഭിനയിച്ച കാലഘട്ടവും ഇന്നത്തെ കാലഘട്ടവും രണ്ടും രണ്ടാണ് . ഒരു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് അന്നത്തെ പടങ്ങള്‍ ഇഷ്ട്ടപെട്ടില്ലെന്നു വരാം . ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം അതുകഴിഞ്ഞ് ഈസ്റ്റ്മാന്‍ കളര്‍ ഇപ്പോള്‍ ഡിജിറ്റല്‍ കളര്‍ അങ്ങനെ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലതിനെ സീകരിച്ചുകൊണ്ട് മുന്നോട്ട് പോകുക . അതാണ് ഒരു കലാകാരന്‍ ചെയ്യേണ്ടത് .

പുതിയ പടങ്ങള്‍ ? സിരിയല്‍ അഭിനയം സംതൃപ്തി തരുന്നുണ്ടോ?

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി സിരിയല്‍ രംഗത്തുണ്ട്. ഈ വര്‍ഷം രണ്ട് മൂന്ന് സിനിമകള്‍ ഉണ്ട് സിരിയലില്‍ തന്റെ മനസിന് ഇണങ്ങിയ കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് സിരിയല്‍ സംവിധായകര്‍ സമീപിക്കാറുണ്ട് . കഥാപാത്രങ്ങള്‍ നോക്കിയതിന് ശേഷം തെരഞ്ഞെടുക്കും . അതാ പതിവ്.

കെ എസ് എഫ് ഡി സി ചെയര്‍മാന്‍ നിയമനം . അതില്‍ പ്രതിഷേധിച്ചുള്ള അമ്മ പ്രതിനിധികളുടെ രാജിയെകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറയാന്‍ തയ്യാറായില്ല . അത് ബന്ധപെട്ടവര്‍ പരിഹരിക്കട്ടെ എന്ന മറുപടിയായിരുന്നു നല്‍കിയത് .പദ്മശ്രീ കിട്ടാന്‍ വൈകിയോ എന്നുള്ള ചോദ്യത്തിനും. മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി

വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ തനിക്കുണ്ടായ രസകരമായ ഒരനുഭവം അദ്ദേഹം ആദ്യം പറഞ്ഞത് ഇവിടെ കുറിക്കുന്നു : 

മഹാനടന്‍ സത്യന്‍ മരിച്ചതിന് ശേഷം 'സിനിരമ' എന്ന മാസികയുടെ ലേഖകന്‍ മധുസാറിനെ ഇന്റര്‍വ്യൂ ചെയ്തു. സത്യന്റെ മരണവും അത് മലയാള സിനിമക്ക് എന്ത് നഷ്ട്ടമാണ് ഉണ്ടാക്കുന്നതും എന്നതായിരുന്നു ചോദ്യം .



'മലയാള സിനിമക്ക് ഒന്നും സംഭവിക്കില്ല' . പക്ഷെ സത്യന്‍ എന്ന മഹാനടന്റെ ഒഴിവ് അത് നികത്താന്‍ സാധിക്കില്ല എന്ന് മറുപടി പറഞ്ഞു .



മലയാള സിനിമ പ്രതിസന്ധിയില്‍ ആകുമോ എന്ന് വീണ്ടും ചോദ്യം വന്നു . ' ഒരു ചുക്കും സംഭവിക്കില്ല , സിനിമ ഒരു വ്യക്തിയുടെ അല്ല. അത് ഒരു വ്യവസായമാണ് . പ്രതിഭകള്‍ വരും പോകും . മലയാള സിനിമക്ക് ഒരു ചുക്കും സംഭവിക്കില്ല' എന്നായിരുന്നു മറുപടി . 

എന്നാല്‍ , അഭിമുഖം അച്ചടിച്ചുവന്നത് 'സത്യന്‍ മരിച്ചാല്‍ ഒരു ചുക്കുമില്ല 'മധു ' എന്ന തലക്കെട്ടോടെയാണ് .

സിനിമാ വ്യവസായത്തെ കുറിച്ചുള്ള കമന്റ് വളച്ചൊടിച്ച് തലകെട്ട് കൊടുത്ത് വിവാദം ഉണ്ടാക്കിയ ലേഖകന്റെ പ്രവര്‍ത്തിയില്‍ ഇപ്പോഴും അമര്‍ഷമുണ്ട് . പത്രക്കാരെ എനിക്ക് പേടിയാണ് . പറഞ്ഞതല്ല അവര്‍ എഴുതുന്നത് അദ്ദേഹം പറഞ്ഞു .

മൂന്ന് ദിവസം നീണ്ടുനിന്ന അദ്ധേഹത്തിന്റെ റിയാദ് സന്ദര്‍ശനം നല്ല അനുഭവമായി മാറി .തിരുവനന്തപുരം ജില്ലാപ്രവാസി അസോസിയേഷന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം റിയാദില്‍ എത്തിയത് . സംവിധായകന്‍ കമലിന്റെ മകന്റെ വിവാഹത്തില്‍ സംബന്ധിച്ചതിനു ശേഷം അദ്ദേഹം  സിംഗപ്പൂരില്‍ ഒരു പ്രോഗ്രാമിന് വേണ്ടി തിരിക്കും . അതെ, മധുസാര്‍ ഇപ്പോഴും തിരക്കില്‍ തന്നെയാണ് .

എല്ലാ അര്‍ഥത്തിലും മലയാളസിനിമയുടെ ജീവിക്കുന്ന ചരിത്രഗ്രന്ഥമാണ് ഈ മഹാനടന്‍. മലയാളം സ്വന്തം സിനിമകളുടെ ലോകത്തേയ്ക്ക് പിച്ചവെച്ച കാലത്തിന്റെ പ്രതിനിധികളില്‍ അവശേഷിക്കുന്നവരില്‍ അപൂര്‍വമൊരാള്‍.

മലയാള സിനിമയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടി മാത്രമല്ല പദ്മശ്രീ മധു സര്‍. 

പകര്‍ത്തിയെഴുതിപെടെണ്ട ഒരു പാഠപുസ്തകം കൂടിയാണ്...........

Advertisment