25 വര്‍ഷം മുമ്പ് യുവതികളും നവദമ്പതികളും ശബരിമല ദര്‍ശിച്ചിരുന്നെന്ന് അയ്യപ്പസേവാ സംഘം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, October 12, 2018

Image result for ശബരിമല

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ദര്‍ശനം നടത്തിയിരുന്നെന്ന് അയ്യപ്പ സേവാസംഘം. 1993 ല്‍ ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയിലാണ് ഇക്കാര്യമുള്ളതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീ പ്രവേശനം സ്ഥിരീകരിച്ച് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാസംഘവും നല്‍കിയ രേഖകളുടെ പകര്‍പ്പിലാണ് ഇക്കാര്യമുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ  ഹൈക്കോടതിയില്‍ സാക്ഷി ഭാഗമായി വിസ്തരിച്ച അന്നത്തെ അയ്യപ്പ സേവാസംഘം സെക്രട്ടറി കെ പി എസ് നായരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. 60 വര്‍ഷമായി മല ചവിട്ടുന്ന താന്‍ നിരവധി തവണ 10 വയസിനും അമ്പത് വയസിനുമിടയിലുള്ള സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുന്നതായി കണ്ടിട്ടുണ്ടെന്ന് കെ പി എസ് നായര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

25 വര്‍ഷം മുമ്പ് യുവതികളും നവദമ്പതികളും ധാരാളമായി ക്ഷേത്രത്തില്‍ എത്തിയിരുന്നു എന്ന് അയ്യപ്പ സേവാസംഘം സെക്രട്ടറി ഹൈക്കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള നിരവധി ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.  ഇവര്‍ക്കൊപ്പം യുവതികളും നവദമ്പതികളുമുണ്ടായിരുന്നു.

സേവാസംഘം പ്രവര്‍ത്തകര്‍ യുവതികളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് ഡ്യൂട്ടി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്നും കെ പി എസ് നായരുടെ സത്യവാങ്മൂലത്തിലുണ്ട്. യുവതീ പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസംഘം പ്രമേയം പാസാക്കിയിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

×