Advertisment

അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി എം.എ. യൂസഫലിയെ നിയമിച്ചു

New Update

publive-image

Advertisment

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിൻ്റെ പുന:സംഘടന നടത്തി ഉത്തരവിട്ടത്.

അബ്ദുള്ള മുഹമ്മദ് അൽ മസ്റോയിയാണ് ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ. യൂസഫലിയോടൊപ്പം അലി ബിൻ ഹർമാൽ അൽ ദാഹിരി വൈസ് ചെയർമാനായും, മസൂദ് റഹ്‌മ അൽ മസൂദ്, ട്രഷറർ, സയ്യിദ് ഗുംറാൻ അൽ റിമൈത്തി, ഡെപ്യൂട്ടി ട്രഷറർ ഉൾപ്പെടെ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്. ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി ചേംബർ ഡയറക്ടർ ബോർഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം.എ.യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിൻ്റെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു.എ.ഇ. യുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബർ. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബർ ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. അബുദാബിയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിൻ്റെ അനുമതി ആവശ്യമാണ്.

അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യു.എ.ഇ.യുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നൽകി അബുദാബി സർക്കാർ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം.

28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യു.എസ്.എ, യു.കെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് എന്നിവയടക്കം 14 രാജ്യങ്ങളിൽ ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ച ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു.

Advertisment