Advertisment

അബുദാബി ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും.

ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ അബു മുരൈക്കയില്‍ അവസാന ഘട്ടത്തിലാണെന്നും തറനിരപ്പില്‍ നിന്ന് 4.5 മീറ്റര്‍ ഉയര്‍ത്തിയതായും 'ബിഎപിഎസ് ഹിന്ദു മന്ദിറി'ന്റെ പ്രോജക്ട് എഞ്ചിനീയര്‍ അശോക് കോണ്ടെട്ടി പറഞ്ഞു.

''പ്രോജക്ടിന്റെ പുരോഗതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ഈ പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഒരു തവണ മാത്രം കിട്ടുന്ന അവസരമാണിത്''-അശോക് കോണ്ടെട്ടി പറഞ്ഞു.

കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും മെറ്റീരിയലുകള്‍ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നും കോണ്ടെട്ടി വ്യക്തമാക്കി. പിങ്ക് മണല്‍ക്കല്ലുകളും മാര്‍ബിളുകളും സ്ഥാപിക്കുന്നത് മെയ് മുതലായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫൗണ്ടേഷനില്‍ രണ്ട് ടണലുകള്‍ നിര്‍മിക്കുമെന്നും ഇതിനായുള്ള കല്ലുകള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതായും ടണല്‍ നിര്‍മ്മാണം അടുത്തയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിനു വേണ്ട കല്‍പ്പണികള്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള രണ്ടായിരത്തിലധികം ശില്പികളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ത്യന്‍, അറബ് സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.

രാമായണം, മഹാഭാരതം, ഹിന്ദു ഗ്രന്ഥങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നുമുള്ള മറ്റ് വിവരണങ്ങള്‍ എന്നിവയും കല്ലുകളില്‍ കൊത്തിവച്ചിട്ടുണ്ട്. പുരാതന ഹിന്ദു 'ശില്‍പ ശാസ്ത്രം' പ്രകാരമായിരിക്കും നിര്‍മ്മാണം.

ഡിപി വേള്‍ഡ്, ട്രാന്‍സ്‌വേള്‍ഡ് ഗ്രൂപ്പ് എന്നിവയാണ് ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നത്. അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക അധികാരികളുമായി സഹകരിച്ച് ബ്രഹ്മവിഹാരി സ്വാമിയാണ് മേല്‍നോട്ടം വഹിക്കുന്നത്.

2023-ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. അഞ്ച് താഴികക്കുടങ്ങള്‍ ക്ഷേത്രത്തിലുണ്ടാകും. സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, ലൈബ്രറി, ക്ലാസ് റൂം, കമ്മ്യൂണിറ്റി സെന്റര്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവും ഇവിടെ നിര്‍മ്മിക്കും.

Advertisment