Advertisment

അൽഖോബാറിൽ പൊള്ളലേറ്റു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമായി വാഹനാപകട കേസിലെ നഷ്ടപരിഹാരം; ഏറ്റെടുക്കാൻ തയാറായി സാമൂഹ്യ പ്രവർത്തകൻ

New Update

ജിദ്ദ: സൗദിയിലെ അൽഖോബാറിൽ രണ്ടു മാസങ്ങൾക്കു മുമ്പുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദമ്മാം വിമാനത്താവളത്തിലെത്തിച്ചപ്പോൾ, പാസ്പോര്ട്ട് വിഭാഗത്തിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ മരിച്ച ആൾ "വാണ്ടഡ്" ലിസ്റ്റിൽ. ഫലമോ, നാട്ടിലേയ്ക്ക് അയക്കാൻ വെച്ച മൃതദേഹം വീണ്ടും ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക്.

Advertisment

publive-image

ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ കൊണ്ട് പോകേണ്ടിയിരുന്ന തിരുവനന്തപുരം വെമ്പായം വേറ്റിനാട് നെടിയൂരിൽ ഇടിക്കുംതറ വീട്ടിൽ രാജൻ വർഗീസിന്റെ മൃതദേഹതിനാണ് ഈ വിധി. രാജൻ വർഗീസിന്റെ പേരിൽ ഒരു വാഹനാപകട കേസ് തീർപ്പാവാതെ കിടക്കുന്നതാണ് കാരണം.

മുമ്പ് ദമ്മാമിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സംഭവിച്ചതാണ് രാജൻ വർഗീസിന്റെ പേരിൽ ഇപ്പോഴും നിലനിൽക്കുന്ന വാഹനാപകട കേസ്. ഇൻഷൂറൻസ് പരിരക്ഷയില്ലായിരുന്നതിനാൽ നഷ്ടപരിഹാരം ഇപ്പോഴും ബാധ്യതായായി പാസ്പോര്ട്ട് വിഭാഗത്തിന്റെ സിസ്റ്റത്തിൽ തെളിയുന്നുണ്ട്. അതേസമയം, സംഭവം നടന്നയുടൻ എങ്ങിനെയൊക്കെയോ രാജൻ വർഗീസ് സൗദി വിടുകയായിരുന്നു. പിന്നീട് ഒരു വർഷം മുമ്പാണ് രാജൻ വർഗീസ് പുതിയ വീസയിൽ മരണം സംഭവിച്ച അൽഖോബാറിലേയ്ക്ക് വരുന്നത്.

വാഹനാപകട കേസിൽ മരിച്ച നഷ്ടപരിഹാര തുകയായി 29000 സൗദി റിയാൽ (ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപ) അടച്ചിട്ടില്ലാത്തതിനാൽ, രാജൻ വർഗീസ് സൗദി പാസ്പോര്ട്ട് വിഭാഗം കമ്പ്യൂട്ടറിൽ ഇപ്പോഴും "വാണ്ടഡ്" ഗാനത്തിൽ തുടരുന്നത്. വാഹനാപകടത്തിൽ നഷ്ടപരിഹാരം ലഭിക്കേണ്ട സൗദി പൗരന്റെ തീരുമാനമാണ് വിഷയത്തിൽ നിർണായകം. അതിനാൽ, പ്രസ്തുത വ്യക്തിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കിഴക്കൻ പ്രവിശ്യയിലെ മുൻനിര സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം.

സൗദി പൗരന്റെ ലഭ്യമായ നമ്പറുകളിൽ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഇനി ഞായറാഴ്ച സിവിൽ സ്റ്റാറ്റസ് കേന്ദ്രത്തിലെത്തി സൗദി പൗരനെ കണ്ടെത്താനും പ്രശ്നം പരിഹരിക്കാനുമുള്ള ഊർജിത ശ്രമത്തിലാണ് നാസ് വക്കം. പാസ്പോര്ട്ട് വിഭാഗത്തിലെയും മറ്റും സൗദി ഉദ്യോഗസ്ഥന്മാരും അനുകൂലമായാണ് പെരുമാറിയത്. അവരും സൗദി പൗരനെ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി രണ്ടു ദിവസത്തെ അവധി കഴിഞ്ഞേ ഇനിയെന്തും നടക്കൂ.

കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാനുള്ള ശ്രമവും നടത്തുമെന്ന് നാസ് പറഞ്ഞു. നഷ്ടപരിഹാരത്തുകയുടെ കാര്യം താൻ ഏറ്റുടുക്കുന്നതായി അധികൃതർക്ക് മുമ്പിൽ വെച്ച് അവകാശിയായ സൗദി പൗരന് എഴുതി കൊടുക്കാനും താൻ തയാറാണെന്ന് നാസ് മനോരമയോട് പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അപ്രതീക്ഷിതമായുണ്ടായ തടസ്സം നാട്ടിലെ ബന്ധുക്കൾക്കും മറ്റും വലിയ ആഘാതമുണ്ടാക്കിയതായി നാസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ അൽഖോബാറിലെ റാക്കയിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ വെന്തു മരിച്ച രാജൻ വർഗീസിന്റെ മൃതദേഹമെങ്കിലും കാണാൻ കാത്തിരിക്കുന്ന സഹോദരി ശാന്തയും മകൻ കുമാറും മറ്റു കുടുംബാംഗങ്ങളും നിരന്തരം ബന്ധപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ആറ്റിങ്ങൽ പാർലമെന്റംഗം എ സമ്പത്ത് മുതലായ പലരും നാട്ടിൽ നിന്ന് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും നാസ് പറഞ്ഞു.

Advertisment