Advertisment

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു; സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിമിഷ നേരം കൊണ്ട് കണ്‍മുന്നില്‍ ചിതറിത്തെറിച്ചത് വിശ്വസിക്കാനാകാതെ ഭര്‍ത്താവ്‌

New Update

കോട്ടയം : ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു. നാഗമ്പടം മീനച്ചിലാർ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ 9.20നായിരുന്നു അപകടം.നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണു ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ വീണുപോയ പ്രകാശിന് പരുക്കുകളില്ല.

Advertisment

publive-image

മരണ ശേഷം നടത്തിയ പരിശോധനയിൽ നിഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിഷയുടെ ഭർത്താവ് പ്രകാശ് ഗോപി ആയുർവേദ തെറപ്പിസ്റ്റാണ്. മക്കൾ: അംഷ (മൈക്രോബയോളജി വിദ്യാർഥിനി, എസ്എംഇ ഗാന്ധിനഗർ), അംഷിത്ത് (ഒന്നാം വർഷം ബിരുദ വിദ്യാർഥി, കഞ്ഞിക്കുഴി).

നിഷയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടമ്പലം ശ്മശാനത്തിൽ. അപകടത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ചയാണ് പ്രകാശ് ഗോപിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്. എംഡി കമേഴ്സ്യൽ സെന്ററിലെ ലെവൽ 10 തുണിക്കടയിലെ ജീവനക്കാരിയായ നിഷയെ പതിവായി ജോലി സ്ഥലത്തേക്കു സ്കൂട്ടറിൽ കൊണ്ടുവിടുന്നത് ഭർത്താവ് പ്രകാശ് ആണ്.

സ്കൂട്ടർ നാഗമ്പടം മീനച്ചിലാർ പാലത്തിൽ കയറിയപ്പോൾ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു. അൽപം മുന്നോട്ടു നീങ്ങിയപ്പോൾ വാഹനത്തിരക്ക് കൂടി. ടോറസ് സ്കൂട്ടറിനോട് ചേർന്നു പോകുന്ന സ്ഥിതിയായി.

ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. പ്രകാശ് ഇടതുഭാഗത്തേക്കാണ് വീണത്. പിന്നിൽ ഇടതു വശത്തേക്ക് ചരിഞ്ഞ് ഇരുന്ന നിഷ പിന്നിലേക്ക് വീണു. ടോറസിന്റെ പിൻ ടയറിന്റെ അടിയിലേക്കാണ് നിഷ വീണത്. നിമിഷ നേരം കൊണ്ട് ടോറസ് ലോറി  ശരീരത്തിലൂടെ കയറി ഇറങ്ങി. എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാതെ ഭയന്നു പോയ പ്രകാശ് ഭാര്യയുടെ വിയോഗം കണ്ടതിന്റെ ഞെട്ടലിൽനിന്ന് മുക്തനാകാതെ കണ്ണീർ വാർത്തു. പൊലീസ് എത്തിയതോടെ പ്രകാശിനെ അവർ പൊലീസ് ജീപ്പിലേക്ക് മാറ്റി

നാഗമ്പടത്ത് യുവതി മരിക്കാൻ ഇടയായ സംഭവത്തിൽ ടോറസ് ലോറി എത്തിയതു സമയക്രമം ലംഘിച്ച്. കലക്ടറുടെ ഉത്തരവ് പ്രകാരം ടിപ്പർ ലോറികളും ടിപ്പർ മെക്കാനിസം ഘടിപ്പിച്ച വാഹനങ്ങളും രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ജില്ലയിൽ ഓടിക്കരുതെന്നാണ് വ്യവസ്ഥ. 2018ലാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. എന്നാൽ, ഈ സമയം പാലിക്കാതെ ടിപ്പറുകൾ സർവീസ് നടത്തുന്നുണ്ട്.

accident death
Advertisment