Advertisment

നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാമത്തെ നിലയുടെ മേൽക്കൂരയുടെ തട്ട് മാറ്റി ഇരുമ്പ് ഷീറ്റ് ഇളക്കുന്നതിനിടെ വാർപ്പ് ഇടിഞ്ഞ് താഴേക്ക് അമർന്നു; യുവാവിന് ദാരുണാന്ത്യം

New Update

കോന്നി:  നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മങ്ങാരം മരങ്ങാട് പുതുപ്പറമ്പിൽ ഗോപാലകൃഷ്ണന്റെ മകൻ അരുൺ കൃഷ്ണൻ (സുനിൽ -34) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ആർടി ഓഫിസിനു സമീപം ജിൻസി വില്ല ജോസിന്റെ വീടിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.

Advertisment

publive-image

രണ്ടാമത്തെ നിലയുടെ മേൽക്കൂരയുടെ തട്ട് മാറ്റി ഇരുമ്പ് ഷീറ്റ് ഇളക്കുന്നതിനിടെ വാർപ്പ് ഇടിഞ്ഞ് താഴേക്ക് അമർന്നു. കൂരയുടെ ആകൃതിയിലുള്ള ഭാഗത്തെ വിടവിൽ ഭിത്തിയിൽ രണ്ടു വശത്തുമായി സുനിൽ കാലിട്ട് ഇരുന്ന് ഷീറ്റ് ഇളക്കുകയായിരുന്നു. താഴേക്ക് അമർന്ന വാർപ്പിനും ഭിത്തിക്കും ഇടയിൽപെട്ട് ഞെരുങ്ങിയാണ് മരണം. ഈ സമയം സുനിലിന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളി പുറത്തേക്ക് ഓടിയിറങ്ങി.

താഴത്തെ നിലയിൽ ടൈൽ പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളും വലിയ ശബ്ദം കേട്ട് ഓടി മാറി. തുടർന്ന് നാട്ടുകാർ എത്തി പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു.

രണ്ടരയായപ്പോഴേക്കും സേനയും പൊലീസും എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.തട്ട് താങ്ങി നിർത്തുന്ന തൂണുകൾ എത്തിച്ച് വാർപ്പിൽ ഉറപ്പിച്ച ശേഷം മെഷീൻ ഉപയോഗിച്ച് കട്ട ഇളക്കിമാറ്റി രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം എടുത്തത്.തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായവും ലഭിച്ചു.

മേൽക്കൂര വാർത്ത ശേഷം ഉറയ്ക്കാൻ വേണ്ടത്ര സമയം കൊടുക്കാതിരുന്നതും അശാസ്ത്രീയ നിർമാണവുമാണ് അപകടത്തിനു കാരണമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. സുനിൽ വീടിന്റെ പണികൾ കരാറെടുത്ത് നടത്തുകയായിരുന്നു അവിവാഹിതനാണ്.

 

accident death
Advertisment