Advertisment

ഗാന്ധി ചിത്രം തകര്‍ത്ത കേസ്: അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ് ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എംഎല്‍എമാരായ ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിയത്. പിന്നാലെ നടന്ന ആക്രമണത്തില്‍ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസില്‍ കോണ്‍ഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതമാകുമെന്നും സുധാകരന്‍ പറഞ്ഞു

Advertisment