അസിഡിറ്റിയോ? സൂക്ഷിക്കണം

സൂര്യ രാമചന്ദ്രന്‍
Tuesday, May 8, 2018

 

ഒരുമിക്കവരും ഇന്നു നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇതിന്റെ ഭാഗമായാണ് പ്രധാനമായും ഗ്യാസ് ട്രബിള്‍ ഉണ്ടാകുക. ഇവ രണ്ടും രോഗലക്ഷണങ്ങളാണ്. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, വയറു കമ്പിക്കല്‍, സ്തംഭനം, കലശലായ ഏമ്പക്കം തുടങ്ങി പല ലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകും. ഗ്യാസ്‌ട്രോഫേഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അഥവാ ജിഇആര്‍ഡിയാണ് ഇത്തരം പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം.

 

അള്‍സര്‍, ആമാശയഭിത്തികളില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍, പിത്തസഞ്ചിയിലുണ്ടാവുന്ന കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സമാന ലക്ഷണങ്ങളുണ്ടാകാം. അമിതവണ്ണമാണ് അസിഡിറ്റിയിലേക്കു നയിക്കുന്ന പ്രധാന കാരണം. ആമാശയത്തിലെ വാല്‍വ് അകാരണമായി അയയുമ്പോഴാണ് അമ്ലരസം മുകളിലേക്കു വരുന്നത്. ആരോഗ്യമുള്ളവരിലും ഇതു സംഭവിക്കുന്നുണ്ട്. വയറിനു പിടിക്കാത്തതോ പഴകിയതോ ആയ ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദിക്കുന്നത് ഇങ്ങനെയാണ്. ആമാശയത്തിലെ സുരക്ഷാസംവിധാനത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ദഹനപ്രക്രിയയുടെ ഭാഗമായ ദഹനദ്രവം മുകളിലേക്കു വരുന്നു.

 

അസിഡിറ്റി ഇത്രത്തോളം വ്യാപകമാകാന്‍ കാരണം ജീവിതചര്യകളിലെ വ്യത്യാസമാണ്. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത്, കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി ഏറെ നേരം ഇരിക്കല്‍, അമിത ഭക്ഷണം തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. കൊഴുപ്പു കൂടുതലുള്ള ഭക്ഷണമാണ് മറ്റൊരു കാരണം. ചായയ്‌ക്കൊപ്പം എണ്ണയില്‍ മുക്കിപ്പൊരിച്ച വിഭവങ്ങളാണ് സാധാരണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. ചിലര്‍ക്ക് ചിലതരം ഭക്ഷണങ്ങള്‍ ശരീരത്തു പിടിക്കാതെ വരുന്നതും തിരിച്ചറിയണം.

 

ഉടന്‍ ഏതെങ്കിലും മരുന്നു വാങ്ങി കഴിക്കലാണ് പതിവുരീതി. ഡോക്റ്ററെ കാണാനുള്ള സമയക്കുറവ്, മടി, ടെസ്റ്റുകളോടുള്ള പേടി, മറ്റെന്തെങ്കിലും അസുഖമുണ്ടാകുമോ എന്ന ഭയം എന്നിവയൊക്കെ സ്വയം ചികിത്സക്കു പ്രേരണ നല്‍കുന്നവയാണ്. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ വരുന്ന അസിഡിറ്റിയും മറ്റു ലക്ഷണങ്ങളും സ്വാഭാവികമായി കരുതാം. എന്നാല്‍ ആഴ്ചയില്‍ പലതവണ ഇത് അലട്ടുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം. ഒന്നോ രണ്ടോ ദിവസത്തെ മരുന്നുകൊണ്ട് സാധാരണ അവസ്ഥകള്‍ ഭേദമാക്കാം. കുറച്ചു കൂടി പ്രശ്‌നമെന്നു തോന്നുന്ന ലക്ഷണങ്ങള്‍ സ്‌കാനിങ് അല്ലെങ്കില്‍ എന്‍ഡോസ്‌കോപ്പിയിലൂടെയാണ് പരിശോധിക്കുക. ഇത് തീര്‍ച്ചയായും മരുന്നു കഴിക്കേണ്ട അവസ്ഥയാണ്.

നാല്‍പ്പതു വയസു കഴിഞ്ഞവര്‍ ജീവിതചര്യയില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. അമിത വണ്ണമുണ്ടാകാതെ നോക്കണം. എല്ലാ ദിവസവും പാര്‍ട്ടികളും ജങ്ക് ഫുഡുമായി ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്നത് കുറയ്ക്കണം. ചെറുപ്രായത്തില്‍ത്തന്നെ ഉയര്‍ന്ന ശമ്പളം കൈയിലെത്തുന്നവര്‍ എല്ലാ ദിവസവും പാര്‍ട്ടികളും ജങ്ക് ഫുഡുമായി ജീവിതം ആസ്വദിക്കാന്‍ ശ്രമിക്കുന്നത് കുറയ്ക്കണം.

×