Advertisment

സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള ശ്രമം ! പോലീസ് ആക്ടില്‍ പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു ! സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ജാമ്യമില്ലാത്ത കേസില്‍ അറസ്റ്റു ചെയ്യാനും വ്യവസ്ഥ. ആധുനിക ലോകത്തില്‍ കേരളം പോകുന്നതെങ്ങോട്ട് ?

New Update

publive-image

Advertisment

കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടക്കുന്ന അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ കേരള പോലീസ് ആക്ടില്‍ 118 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന കാലത്ത്, നിലവിലെ നിയമങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് പുതിയ വകുപ്പ് കുട്ടിച്ചേര്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ സര്‍ക്കാര്‍ നീക്കം പത്ര-ദൃശ്യമാധ്യമങ്ങള്‍ക്ക് അടക്കം കൂച്ചുവിലങ്ങിടാനുള്ളതാണെന്നാണ് ഉയരുന്ന ആക്ഷേപം.

2000ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

കോവിഡ് സജീവമായ ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശം കൂടി കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ വിമര്‍ശനങ്ങളോട് സ്വീകരിച്ചു പോരുന്ന നിലപാടുകളാണ് പുതിയ വകുപ്പിന്റെ കാര്യത്തിലും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.

വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ പിആര്‍ഡിയെ ഉപയോഗിച്ചും, പിന്നീട് പോലീസിനെ തന്നെ ഇത്തരമൊരു കാര്യത്തിന് ചുമതലപ്പെടുത്തിയും മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പുതിയ വകുപ്പ് എന്നു പുറമെ പറയുമ്പോഴും 'ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ' ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു പറയുന്നതിലൂടെ പത്ര-ദൃശ്യമാധ്യമങ്ങളെയും നിയമത്തിനുള്ളില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയും. ഇതുതന്നെയാണ് പ്രധാന ആക്ഷേപവും.

പുതിയ വകുപ്പ് പ്രകാരം പോലീസിന് സ്വമേധയാ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും (ഇരയാക്കപ്പെട്ട വ്യക്തി തന്നെയാകണമെന്നില്ല) പരാതിയിലോ കേസ് എടുക്കാം.

ജാമ്യമില്ലാത്ത വകുപ്പു ചുമത്തിയായതിനാല്‍ പ്രതിയെ വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അന്വേഷണം നടത്താനും പോലീസിന് അധികാരം കിട്ടും.

ഇവിടെയാണ് സര്‍ക്കാരിന് അഹിതമായ വാര്‍ത്തകള്‍ക്കെതിരേ ഈ വകുപ്പ് പ്രയോഗിക്കാനുള്ള സാധ്യത വര്‍ധിക്കുന്നത്.

എന്തായാലും സര്‍ക്കാര്‍ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണടക്കമുള്ളവരെ വിവിധ സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ സമീപിച്ചിട്ടുണ്ട്.

social media
Advertisment