Advertisment

സിനിമയിൽ അവസരങ്ങളില്ല;പക്ഷെ മിണ്ടാതിരിക്കുമെന്ന് വിചാരിക്കേണ്ടെന്ന് നടി പാർവതി

New Update

Advertisment

ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് പലരും തങ്ങള്‍ക്ക് സിനിമയില്‍ അവസരം നിഷേധിക്കുകയാണെന്നും എന്നാല്‍ തങ്ങളെ ഇങ്ങനെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും നടി പാര്‍വതി.

ഓഫറുകള്‍ ചുരുങ്ങുന്നു എന്നത് സത്യമാണ്. മറ്റുള്ളവര്‍ക്കും ഇതു സംഭവിക്കുന്നുണ്ട്. ഡബ്ല്യു.സി.സിയുമായി പേരു ചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. പെട്ടെന്നവര്‍ കരിമ്പട്ടികയില്‍ ഇടം നേടുന്നു. പക്ഷേ, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഇതെങ്ങനെ മാറ്റി നിറുത്താമെന്ന് അറിയണം,’- പാര്‍വതി പറഞ്ഞു. ഇപ്പോഴുള്ള സിനിമകള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് ചെയ്യാമെന്നേറ്റതാണ്. വിവാദങ്ങള്‍ക്ക് ശേഷം എനിക്ക് ലഭിച്ച ഒരേയൊരു ഓഫര്‍ ആഷിഖ് അബുവിന്റെ വൈറസ് മാത്രമാണ്.

‘അതില്‍ എനിക്ക് അത്ഭുതമില്ല. ആഷിഖ് ഒരു പുരോഗമനവാദിയാണ്. ബാക്കിയുള്ള സിനിമകളെല്ലാം കസബയ്ക്ക് മുന്‍പ് ഒപ്പു വച്ചതാണ്. കാര്യങ്ങള്‍ ഇങ്ങനെയാണ് പരിസമാപ്തിയിലേക്ക് നീങ്ങുന്നതെങ്കില്‍, ‘ശരി, നോക്കാം’ എന്നേ എനിക്ക് പറയാനാകൂ.- പാര്‍വതി പറയുന്നു.

ഞാനിത് തമാശയായി പറയുന്നതല്ല. പക്ഷേ, ഞാന്‍ നിശബ്ദയായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഇത്തരത്തില്‍ അപ്രത്യക്ഷരായ നിരവധി അഭിനേത്രികളെ മുന്‍ കാലങ്ങളില്‍ നോക്കിയാല്‍ കാണാം. അവര്‍ അപ്രത്യക്ഷരായതിന് കാരണങ്ങള്‍ ആര്‍ക്കും അറിയില്ല.

സിനിമയെ നിയന്ത്രിക്കുന്നവര്‍ എന്നെ ഇതുപോലെ പുറത്താക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, എനിക്ക് ജോലി ചെയ്യാന്‍ അറിയാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ -പാര്‍വതി പറഞ്ഞു.ശരിയ്ക്കു വേണ്ടി നിലയുറപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ കഴിയുമോ എന്നാണ് ഞാന്‍ എന്നോടു ചോദിക്കുന്നത്. അതിനുത്തരം ‘അതെ’ എന്നാണ്. എന്നാല്‍, നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല,’ പാര്‍വതി പറയുന്നു.

‘കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്. നല്ല ചില സിനിമകള്‍ ചെയ്തിട്ടുമുണ്ട്. എനിക്ക് മറ്റു ഭാഷകളിലേക്ക് പോകാം. അല്ലെങ്കില്‍ ഒരു ഷോപ് തുടങ്ങുകയോ പബ് തുറക്കുകയോ ചെയ്യാം. ഈ പോരാട്ടത്തിന് വില കൊടുക്കേണ്ടി വരുന്നത് ഞങ്ങളാണെന്ന് അറിയേണ്ടതുണ്ട്. കാരണം എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം. ഞങ്ങള്‍ക്കു വേണ്ടി മാത്രമല്ല,’ പാര്‍വതി പറഞ്ഞു.

കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്.- പാര്‍വതി ചോദിക്കുന്നു.

Advertisment