Advertisment

ഇന്നലെ രാത്രി ഞാന്‍ നേരത്തെ ഉറങ്ങി ; കിടക്കാന്‍ തുടങ്ങുമ്പോള്‍ പപ്പ എന്തോ എഴുതുന്നുണ്ടായിരുന്നു ; രാവിലെ ഉണര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ ഉറക്കത്തിലായിരുന്നു ; പല്ലുതേച്ച് വന്ന് അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല ; ഇതോടെ അമ്മയുടെ അടുക്കല്‍ ചേര്‍ന്ന് കിടന്ന് വീണ്ടും ഉറങ്ങി ; പിന്നീട് ഉണര്‍ന്നപ്പോഴും പപ്പയും അമ്മയും ചേട്ടായിയും എഴുന്നേറ്റില്ല, വിളിച്ചിട്ടും വിളികേട്ടില്ല ; പുറം ലോകം ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് അഞ്ചു വയസ്സുകാരിയില്‍ നിന്ന്‌

New Update

അടിമാലി : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതിനെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ. കമ്പിളിക്കണ്ടത്തിനു സമീപം തെള്ളിത്തോട് പുളിക്കപ്പടയിലാണ് സംഭവം. അർത്തിയിൽ ജോസഫ് തോമസ് (ജോസ്–53), ഭാര്യ മിനി (46), മകൻ അബിൻ ജോസ് (12) എന്നിവരാണു മരിച്ചത്. കടബാധ്യതയെ തുടർന്ന് ഇവർ ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Advertisment

publive-image

പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് അബിൻ. ജോസഫ്–മിനി ദമ്പതികളുടെ മകൾ അഞ്ചു വയസ്സുകാരി മാത്രമാണു കുടുംബത്തിൽ അവശേഷിക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാറത്തോട് ശാഖയിൽ നിന്ന് മിനി ഉൾപ്പെടുന്ന ചൈതന്യ ഗ്രൂപ്പിൽ നിന്നുള്ള 12 അംഗങ്ങൾ 40,000 രൂപയോളം വായ്പ എടുത്തിരുന്നു. മറ്റ് അംഗങ്ങളിൽ നിന്നു തിരിച്ചടവിനായി തുക വാങ്ങിയെങ്കിലും തുക തിരിച്ചടച്ചില്ല. ഇതു സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസിൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പരാതി നൽകിയിരുന്നു.

മിനിയെ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. വീട്ടിൽ നിന്ന് 45,000 രൂപ മോഷണം പോയതിനാലാണ് പണം അടയ്ക്കാൻ കഴിയാത്തതെന്നും തുക ഇന്നലെ പണമിടപാട് സ്ഥാപനത്തിന്റെ ശാഖയിൽ അടയ്ക്കാമെന്നും മിനി പൊലീസിനു ഉറപ്പു നൽകിയിരുന്നു. എന്നാൽ, തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവർ കൂട്ടത്തോടെ ജീവനൊടുക്കിയതെന്നു കരുതുന്നു.

മറ്റു പലരിൽ നിന്നും ജോസും മിനിയും പണം കടം വാങ്ങിയിരുന്നതായും സൂചനകൾ കിട്ടിയതായും പൊലീസ് പറഞ്ഞു. എന്നാൽ മിനിയുടെ പേരിൽ ഒരാഴ്ചത്തെ പണം മാത്രമാണ് കുടശിക ഉള്ളതെന്ന് സ്വകാര്യ പണമിടപാട് സ്ഥാപന അധികൃതർ പറഞ്ഞു. 30 സെന്റ് സ്ഥലമാണ് ജോസിനുള്ളത്. കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മിനി വയനാട് പാലിച്ചിറ കുത്തിലാത്ത് കുടുംബാംഗമാണ്.

പപ്പ, അമ്മ, ചേട്ടായി എന്നിവരുടെ മരണം പുറംലോകത്തെ അറിയിച്ചത് അഞ്ചുവയസ്സുകാരിയായ ഇളയ മകൾ. ‘ഇന്നലെ രാത്രി ഞാൻ നേരത്തേ ഉറങ്ങി. കിടക്കാൻ തുടങ്ങുമ്പോൾ പപ്പ എന്തോ എഴുതുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ഉണർന്നു. അപ്പോൾ മറ്റുള്ളവർ ഉറക്കത്തിലായിരുന്നു. പല്ലുതേച്ച് വീണ്ടും കിടപ്പു മുറിയിൽ എത്തി അമ്മയെ വിളിച്ചെങ്കിലും വിളികേട്ടില്ല. ഇതോടെ അമ്മയുടെ അടുക്കൽ ചേർന്നു കിടന്ന് വീണ്ടും ഉറങ്ങി. ഇന്നലെ രാവിലെ 10 ന് ഞാൻ ഉണർന്നു.

അപ്പോഴും പപ്പയും അമ്മയും ചേട്ടായിയും എഴുന്നേറ്റില്ല. വീണ്ടു വിളിച്ചെങ്കിലും വിളി കേട്ടില്ല. ഇതോടെ അമ്മയുടെ ഫോൺ എടുത്ത് വയനാട്ടിലുള്ള മുത്തശ്ശിയെ വിളിച്ച് പപ്പയും അമ്മയും ചേട്ടായിയും അനങ്ങാതെ കിടക്കുകയാണെന്നു പറഞ്ഞു. അടുത്തുള്ളവരെ വിളിക്കാൻ മുത്തശ്ശി പറഞ്ഞു. ഇതോടെ പപ്പയുടെ ഫോൺ എടുത്ത് അവസാനമായി വിളിച്ച നമ്പറിലേക്ക് വിളിച്ച് ഇതേക്കുറിച്ചു പറഞ്ഞു. ചിന്നാറിൽ താമസിക്കുന്ന പീതാംബരൻ എന്ന ആൾ ആയിരുന്നു അത്. ഇദ്ദേഹം ജോസിന്റെ അയൽപക്കത്തെ വീട്ടുകാരോട് വിവരം അറിയിച്ചു’’– അഞ്ചു വയസ്സുകാരി പറഞ്ഞു.

ഇതിനിടെ അങ്കണവാടി അധ്യാപിക കെ.ജി. ലീലാമ്മ വിവര ശേഖരണത്തിനായി യാദൃച്ഛികമായി വീട്ടിൽ എത്തി. തുറന്നു കിടന്നിരുന്ന മുൻവശത്തെ വാതിലിലൂടെ നോക്കുമ്പോൾ മൃതദേഹങ്ങൾക്കരികിൽ നിൽക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഇതിനു പിന്നാലെ ആണ് മരണവിവരം പുറംലോകം അറിഞ്ഞത്. അടുത്തടുത്ത കട്ടിലിൽ ആണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ നടുവിലത്തെ മുറിയിൽ 4 ഗ്ലാസുകളും കണ്ടെത്തി. ഇതിൽ ഒരു ഗ്ലാസിൽ വിഷം ഉണ്ടായിരുന്നു.

മൂന്നാർ ഡിവൈഎസ്പി എം. രമേശ്കുമാർ, വെള്ളത്തൂവൽ സിഐ കെ.ജെ.തോമസ്, എസ്ഐ റോബിൻസൺ, ഇടുക്കിയിൽ നിന്ന് സയന്റഫിക് ഉദ്യോഗസ്ഥർ‍ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisment