Advertisment

തൊടുപുഴയില്‍ പിജെ ജോസഫിനെ തളയ്ക്കാന്‍ ജോസ് കെ മാണിയുടെ ന്യൂജെന്‍ സ്ഥാനാര്‍ഥി വരുന്നു. കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ ജോസഫിനെ മുട്ടുകുത്തിച്ച 27 കാരനായ യുവ അഭിഭാഷകന്‍ അഡ്വ. ജോര്‍ജി ജോണി വാരിക്കാട് തൊടുപുഴയില്‍ ഇടതു സ്ഥാനാര്‍ഥിയായേക്കും ! തൊടുപുഴയിലേത് കേരള കോണ്‍ഗ്രസ് തലമുറകളുടെ പോരാട്ടമാകുമ്പോള്‍...

author-image
nidheesh kumar
New Update

publive-image

Advertisment

ഇടുക്കി: കഴിഞ്ഞ തവണ പിജെ ജോസഫ് അനായാസ വിജയം നേടിയ തൊടുപുഴയില്‍ ഇത്തവണ ജോസഫിനെതിരെ ജോസ് കെ മാണിയുടെ സര്‍പ്രൈസ് ന്യൂജെന്‍ സ്ഥാനാര്‍ഥി രംഗത്തിറങ്ങും. കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ ജോസഫിനെതിരെയുള്ള നിയമ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച് വിജയം നേടിയ യുവ അഭിഭാഷകന്‍ അഡ്വ. ജോര്‍ജി ജോണി വാരിക്കാടിനെ തന്നെ തൊടുപുഴയില്‍ മത്സരിപ്പിക്കാനാണ് ജോസ് പക്ഷത്തിന്‍റെ നീക്കം.

80 കാരനായ ജോസഫിനെതിരെ നാട്ടുകാരനായ 27 കാരനായ തീപ്പൊരി അഭിഭാഷകനെ രംഗത്തിറക്കുന്നത് പോരാട്ടം തീപാറുന്നതാക്കി മാറ്റുമെന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് പശ്ചാത്തലംകൊണ്ടും പാരമ്പര്യം കൊണ്ടും തൊടുപുഴയിലെ അതിപുരാതനമായ കുടുംബമായ വാരിക്കാട്ട് കുടുംബാംഗമാണ് ജോര്‍ജി ജോണി.

publive-image

കര്‍ഷക / പൗര പ്രമുഖനായിരുന്ന, കെ എം മാണി സാറിന്‍റെ സുഹൃത്തുകൂടിയായ വി.ടി മാണി വാരിക്കാടിന്‍റെ പൗത്രനാണ് ജോര്‍ജി. കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് ജോണി വാരിക്കാടിന്‍റെ മകന്‍ കൂടിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ യുവ അഭിഭാഷകന്‍.

അതിനിര്‍ണായകമായ ഒരു പാര്‍ട്ടി തര്‍ക്കത്തില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനിലെ കേസില്‍ ഒരു കക്ഷിയുടെ വക്കാലത്ത് നേടിയ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനെന്ന ഖ്യാതിയും നിയമയുദ്ധങ്ങളില്‍ ഈ 27 കാരനുണ്ട്.

അറ്റോര്‍ണി ജനറല്‍ അഡ്വ. വേണുഗോപാലിന്‍റെ മകന്‍ അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ വരെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ അണിനിരന്ന ചിഹ്ന തര്‍ക്ക കേസില്‍ ജോസ് വിഭാഗത്തിന്‍റെ വക്കാലത്ത് കേരള കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ജോര്‍ജിക്കായിരുന്നു.  കെ എം മാണി മുതലുള്ള നേതാക്കളുമായി നടന്ന മുന്‍കാല ചിഹ്ന തര്‍ക്കങ്ങളില്‍ പിജെ ജോസഫ് ആദ്യമായി തോല്‍ക്കുന്നതും ജോസ് കെ മാണിയുമായുള്ള കേസിലായിരുന്നു.

publive-image

നാല്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ പിജെ ജോസഫ് ഇടതു സ്ഥാനാര്‍ഥിയും ജോര്‍ജി ജോണിയുടെ അടുത്ത ബന്ധുവും കൂടിയായിരുന്ന റോയി വാരിക്കാടിനെ പരാജയപ്പെടുത്തിയത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തെത്തിയ ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൂടി കണക്കാക്കിയാല്‍ ഇത്തവണ തൊടുപുഴയില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശക്തരായ സ്ഥാനാര്‍ഥികള്‍ മത്സരിച്ചപ്പോഴൊക്കെ തൊടുപുഴയില്‍ ജോസഫിന് കാലിടറിയ ചരിത്രമുണ്ട്. പിടി തോമസിനോട് ജോസഫ് പരാജയപ്പെടുകയും ചെയ്തിരുന്നു.

ജോസഫ് വിഭാഗത്തിന്‍റെ തട്ടകമായ തൊപുടുഴയില്‍ ജോസഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ജോസ് കെ മാണി ലക്ഷ്യം വയ്ക്കുന്നത്. കോതമംഗലം രൂപതയുമായും അടുത്ത ബന്ധമാണ് ജോര്‍ജിയുടെ കുടുംബത്തിനുള്ളത്.

ജോര്‍ജിക്കുപുറമെ പ്രൊഫ. കെഎ ആന്‍റണി, കേരള കോണ്‍ഗ്രസ് - എം നിയോജക മണ്ഡലം പ്രസിഡന്‍റുകൂടിയായ ജിമ്മി മറ്റത്തിപ്പാറ, കര്‍ഷക കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് റെജി കുന്നുംകോട് എന്നിവരെയാണ് ജോസ് കെ മാണി വിഭാഗം തൊടുപുഴയിലേയ്ക്ക് പരിഗണിക്കുന്നത്.

അതേസമയം പിജെ ജോസഫിനെ തോല്‍പിക്കാന്‍ തക്ക സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന് സിപിഎമ്മും കേരള കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊടുപുഴയും ഇടുക്കിയുമാണ് ജില്ലയില്‍ ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുക.

 

kerala congress m pj joseph jose k mani
Advertisment