Advertisment

മുസ്ലീങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്യണം, എന്നാല്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താം: സിദ്ദു

New Update

ദില്ലി: കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രസ്താവന വിവാദത്തിലേക്ക്. മുസ്ലീങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്യണമെന്നും, എന്നാല്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താം എന്നാണ് സിദ്ദു പറഞ്ഞിരിക്കുന്നത്.

ബീഹാറിലെ കാത്തിഹാറില്‍ പ്രചാരണം നടത്തവേയാണ് സിദ്ദുവിന്റെ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്. സിദ്ദുവിന്റെ പ്രസ്താവന വന്‍ വിവാദമായെങ്കിലും കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കാന്‍ സാധ്യതയുണ്ട്. യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെ കുറിച്ച് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. മായാവതിക്ക് രണ്ട് ദിവസത്തേക്കുമാണ് വിലക്ക്.

അതേസമയം യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേനകാ ഗാന്ധി, അസം ഖാന്‍, മായാവതി എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം വന്നിരിക്കുന്നത്.

എനിക്ക് മുസ്ലീം സഹോദരന്‍മാര്‍ക്കൊരു മുന്നറിയിപ്പ് നല്‍കാനുണ്ട്. കുറച്ച് പേര്‍ ചേര്‍ന്ന് നിങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഒവൈസിയെ പോലുള്ളവരെ അതിനായിട്ടാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒന്നിച്ച് വോട്ടു ചെയ്താല്‍ മോദിയെ പുറത്താക്കാന്‍ സാധിക്കുമെന്നും സിദ്ദു പറഞ്ഞു.

Advertisment