Advertisment

സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; വാവര് നടയില്‍ 22 പേരടങ്ങുന്ന സംഘം നടത്തിയ പ്രതിഷേധം പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

Image result for നാമജപ പ്രതിഷേധം

Advertisment

പത്തനംതിട്ട: സന്നിധാനത്ത് വീണ്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം. ശബരിമലയിലെ വാവര് നടയിലാണ് 22 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച രാത്രി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസെത്തി വാവര് നടയില്‍നിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിന് സമീപത്തേക്ക് മാറ്റി.

മലിനമായ സ്ഥലത്തേക്കാണു തങ്ങളെ മാറ്റിയതെന്ന് ഭക്തര്‍ ആരോപിച്ചു. ഇവര്‍ പിന്നീട് പിരിഞ്ഞുപോയി.

ഇന്നലെ രാത്രിയും സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ വലിയനടപ്പന്തലില്‍ നാമം ജപിച്ച് പ്രതിഷേധിച്ച അന്‍പതിലേറെ തീര്‍ത്ഥാടകരെ ഇന്നലെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ആരോപിച്ചുള്ള അറസ്റ്റ് ബലപ്രയോഗത്തിനും കാരണമായി.

രാത്രി 10.25. നട അടക്കാന്‍ അര മണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് സംഘര്‍ഷാവസ്ഥയുടെ തുടക്കം. വിവിധയിടങ്ങളിലായി തമ്പടിച്ചിരുന്ന അന്‍പതിലേറെ പേരടങ്ങിയ സംഘം നാമം ജപിച്ച് നടപ്പന്തലിലേക്ക് നീങ്ങി. വിശ്രമിക്കാന്‍ ആരെയും പൊലീസ് അനുവദിക്കാതിരുന്ന നടപ്പന്തലിരുന്ന് നാമജപം തുടര്‍ന്നു. പിരിഞ്ഞ് പോകണമെന്ന് പൊലീസ് അവശ്യപ്പെട്ടപ്പോള്‍ ഹരിവരാസനം കഴിഞ്ഞ് പോകാമെന്നറിയിച്ചു. ഇതിന് ശേഷം തിരിച്ച് പോകാന്‍ തുടങ്ങിയതോടെ ,എസ്.പി പ്രതീഷ് കുമാറെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചിലരെ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. ഇതൊടെ ബഹളമായി. നടപ്പന്തലിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ആദ്യം പൊലീസ് പിന്‍മാറിയെങ്കിലും വീണ്ടും അറസ്റ്റിന് തയാറായി. ഒരാളെ മാത്രമല്ല ,എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഒടുവില്‍ കൂട്ട അറസ്റ്റിന് പൊലീസ് തീരുമാനമെടുത്തു.

അറസ്റ്റിന് വഴങ്ങാന്‍ തയാറായെങ്കിലും നെയ്യഭിഷേകത്തിനായി ചൊവ്വാഴ്ച വരെ സന്നിധാനത്ത് തങ്ങണമെന് ആവശ്യപ്പെട്ടു. ഇത് പൊലീസ് അംഗീകരിച്ചില്ല. കുത്തിയിരുന്ന് അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ചവരെ ബലം പ്രയാഗിച്ച് കീഴടക്കി. നിലത്ത് വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഒടുവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പമ്പയിലേക്ക് പോയി. നിരോധനാഞ്ജ ലംഘിച്ചതിനൊപ്പം പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന ജാമ്യമില്ലാ കുറ്റവും ചുമത്തി.

ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവര്‍ നിലയ്ക്കലിലെത്തും. പമ്പയിലും സന്നിധാനവും എംപിമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ 21ന് ശബരിമല സന്ദര്‍ശിക്കും.

മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിവരും. ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടിവരും. സന്നിധാനത്തു നടപടികള്‍ക്കു നിര്‍ദേശിച്ചത് ആരെന്നറിയണം. ഡിജിപി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിലപാടെടുത്തു. നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു.

Advertisment