വെള്ളം ഇറങ്ങിയതിനു പിന്നാലെ വയലുകൾ വെള്ളം വറ്റി വീണ്ടുകീറുന്നു. മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ന്യൂസ് ബ്യൂറോ, വയനാട്
Friday, September 7, 2018

വയനാട്: പ്രളയത്തിന് ശേഷം ജില്ലയിലെ പുഴകളിലും തോടുകളിലുമെല്ലാം കടുത്ത വേനൽക്കാലത്തിനു സമാനമായ ജലനിരപ്പാണിപ്പോൾ. തുടർച്ചയായുണ്ടായ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തനടിയിലായിരുന്നു. വെള്ളം ഇറങ്ങിയതിനു പിന്നാലെയാണ് കിണറുകളും പുഴകളും വറ്റിവരളുന്നത്. നാട്ടിക്ക് ഒരുക്കിയിട്ട വയലുകൾ വെള്ളം വറ്റിയതിനെ തുടർന്ന് വീണ്ടുകീറി കിടക്കുകയാണ്.

മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും വനത്തിലും മറ്റുമുള്ള ഇരുതലമൂരികൾ (കുരുടി ) മണ്ണിനടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ജലാംശമുള്ള ഭാഗങ്ങളിലേക്ക് മാറുന്നതും വരാനിരിക്കുന്നത് കൊടും വരൾച്ചയുടെ സുചനയാണെന്ന് പഴമക്കാരും കൃഷി വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.

ജില്ലയുടെ പല ഭാഗങ്ങളിലും മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് വ്യാപകമായിട്ടുണ്ട്. കനത്ത മഴ കഴിഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് മണ്ണിരകൾ ചത്തൊടുങ്ങുന്നത്. മണ്ണിനുള്ളിൽ സ്വാഭാവികമായ ഈർപ്പം നഷ്ടപ്പെട്ടതും ചൂട് അസഹനീയമായതുമാണ് മണ്ണിരകൾ കൂട്ടത്തോടെ പുറത്തേക്കു വരാൻ കാരണമെന്നാണ് നിഗമനം.

സാധാരണ രീതിയിൽ വേനലിൽ ഈർപ്പം തേടി മണ്ണിരകൾ മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് പതിവ്. മഴക്കാലത്ത് പുറത്തു വരികയും ചെയ്യും. എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണ്. പുറത്തേക്കു വരുന്ന മണ്ണിരകൾ ചൂടു കാരണം പെട്ടെന്ന് ചത്തൊടുങ്ങുകയാണ്. ജില്ലയിൽ മണ്ണ് ചുട്ടുപൊള്ളുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണിതെന്നാണ് കർഷകരുടെ നിഗമനം.

×