ജോണിന് കൃഷി ശീലവും സംസ്ക്കാരവും. കൃഷിയെ സ്നേഹിക്കുന്നവർക്ക്‌ ജോണിൽ നിന്നും പഠിക്കാനേറെ

സമദ് കല്ലടിക്കോട്
Monday, July 30, 2018

പാലക്കാട്:  കൃഷിയെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും അറിയേണ്ട വ്യക്തിത്വമാണ് പാലക്കാട് പൂടൂരിലെ ആതിരവില്ലയിൽ എൻ.വി തങ്കച്ചൻ എന്ന ജോണും ജോണിന്റെ കൃഷിയിടവും. വനം പോലെ കൃഷിയെ പരിപാലിക്കുന്ന, ഇവിടം ഒട്ടുമിക്ക കാർഷിക വിളകളാലും അത്യപൂർവ്വ വൃക്ഷങ്ങളാലും സമൃദ്ധമാണ്.

ജൈവരീതിയിൽ സമ്മിശ്ര കൃഷി നടപ്പാക്കുന്ന ജോണിന്റെ തോട്ടത്തിൽ വിവിധ തരം തെങ്ങ്, കവുങ്ങ്,കൊക്കോ, റംബൂട്ടാൻ, വളർത്തു പക്ഷികൾ, കോഴികൾ തുടങ്ങി വിദേശ ഇനം സസ്യങ്ങളുമുണ്ട്.

വീടിനോട് ചേർന്നുള്ള സ്ഥലത്താണ്‌ കൃഷി. പ്രധാനവിളയായി വിധ തരം പഴങ്ങളും പച്ചക്കറികളും. വരിവരിയായി തട്ടുകൾ എടുത്ത് ഇടയിൽ ചാല് കോരി ചകിരിയടുക്കി, തോട്ടം മനോഹരമായി അലങ്കരിച്ചിരിക്കുന്നു.

സ്വന്തമായി അദ്ധാനിച്ചുണ്ടാക്കുന്നതിന്റെ സംതൃപ്തിയിൽ നല്ല ഭക്ഷണം കഴിക്കാനുള്ള അതീവ ജാഗ്രതയാണ് ഈ കർഷകന്. വളപ്രയോഗത്തിനും ജല സേചനത്തിനും വെട്ടിയുണ്ടാക്കിയ ചാലുകളെ ഉപയോഗപ്പെടുത്തുന്നത് കാരണം അമിത ജലനഷ്ടം ഒഴിവാക്കുന്നു. ജോലിഭാരവും ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടാതെ തോട്ടത്തിന് ഒരു മനോഹാരിത കാത്തുസൂക്ഷിക്കാനും കഴിയുന്നു.

ഔഷധച്ചെടികളും പച്ചക്കറിയും വിവിധ ഇനം പ്ലാവും മാവും ഇക്കൂട്ടത്തിലുണ്ട്. കുളത്തിൽ മത്സ്യക്കൃഷിയുമുണ്ട്. കൃഷിയിടത്തിലെ മാലിന്യങ്ങൾ ഒന്ന് മറ്റൊന്നിന്‌ വളമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാലിന്യങ്ങൾ അതിന്റെ പരമാവധി വളമായിതന്നെ ഉപയോഗപ്പെടുത്താനാകുന്നു. ബയോഗ്യാസ്,സ്ലറി,ചാണകം എന്നിവയും വിളകൾക്ക് വളമായി നൽകുന്നുണ്ട്.

തോട്ടം സന്ദര്‍ശിക്കുന്ന വർക്കും, മറ്റു കര്‍ഷക സുഹൃത്തുക്കള്‍ക്കും വിളകളെയും കൃഷിരീതികളെയുംകുറിച്ച് വിവരിച്ചു കൊടുക്കാന്‍ ജോൺ സമയം കണ്ടെത്താറുണ്ട്. ഭാര്യ മഞ്ജു തോട്ടം പരിപാലനത്തിൽ സഹായിയായി കൂടെയുണ്ട്.

മൂവാറ്റുപുഴ ഓണക്കൂർ സ്വദേശിയായ ജോൺ രണ്ടു പതിറ്റാണ്ടിനു മുമ്പാണ് പാലക്കാട് വന്നത്. ജൈവരീതിയിൽ സമ്മിശ്ര കൃഷിയിലൂടെ നേട്ടമുണ്ടാക്കുന്ന ജോൺ ചെടികളും വൃക്ഷങ്ങളും ശ്രദ്ധയോടെ പരിപാലിച്ചാണ് ശുദ്ധ ഭക്ഷണം ഒരുക്കുന്നത്.

കൃഷി ചെയ്യുന്നത് മോശമായും കൃഷിയിലൂടെ ജീവിക്കുന്നവന് സമൂഹം പരിഗണന നൽകാത്തതിന്റെ പ്രശ്നവുമാണ് നാം ഇന്നനുഭവിക്കുന്ന ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലായ്മക്കു കാരണം. പഠിപ്പുള്ളവർ കൃഷിയിൽ നിന്നും മാറിനിൽക്കരുത്. സ്ഥലമുള്ളവർ കൃഷി ചെയ്യട്ടെ.

മുൻ കാലങ്ങളിൽ പഠനം ഏതു മേഖലയിലായിരുന്നാലും അതിരാവിലെ അച്ഛനമ്മമാരോടൊപ്പം കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നു. ഇന്ന്കേരളത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതക്കും രോഗരഹിത ജീവിത രീതിക്കും എല്ലാവിഭാഗം ആളുകളും കൃഷിയിലേക്കിറങ്ങുക മാത്രമേ പരിഹാരമുള്ളൂവെന്ന് ജോണിനെ പോലുള്ളവരുടെ കൃഷി ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

×