കുരുന്നുകൾക്ക് കൃഷിയിൽ സ്വയം പര്യാപ്തത ശീലിപ്പിക്കാൻ മൂച്ചിക്കൽ സ്‌കൂളിന്റെ ‘എന്റെ കറി എന്റെ മുറ്റത്ത്’

സമദ് കല്ലടിക്കോട്
Monday, July 30, 2018

എടത്തനാട്ടുകര:  പഠന പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ജൈവ പച്ചക്കറിയുല്‍പ്പാദനവുമായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്നു.

വില കുത്തനെ ഉയരുന്ന സാഹചചര്യത്തിൽപച്ചക്കറികള്‍ ജൈവ രീതിയില്‍ വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിച്ച് വിഷ ലിപ്ത പച്ചക്കറികളെ പടിക്കു പുറത്ത് നിര്‍ത്തുക, പച്ചക്കറി ക്യഷിയില്‍ താല്‍പര്യം വളര്‍ത്തി ക്യഷിയില്‍ സ്വാശ്രയത്വബോധം സ്യഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ ‘എന്റെ കറി എന്റെ മുറ്റത്ത് ‘ വിഷ രഹിത പച്ചക്കറിയുല്‍പ്പാദന പദ്ധതിയാണ് ഈവർഷവുംതുടക്കമിടുന്നത്.

വിഷലിപ്ത പച്ചക്കറികള്‍ മനുഷ്യരില്‍ സ്യഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് കുരുന്നുകളെ ബോധവാന്മാരാക്കുന്ന ‘എന്റെ കറി എന്റെ മുറ്റത്ത്’ പദ്ധതി സ്‌കൂള്‍ മന്ത്രിസഭയിലെ ക്യഷിവകുപ്പിനു കീഴിലാണ് നടപ്പിലാക്കുന്നത്. സ്‌കൂളിലെ സ്ഥല പരിമിതി മൂലം വീടുകളില്‍ ആണ് ‘എന്റെ കറി എന്റെ മുറ്റത്ത്’ പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ ജൈവ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

വെണ്ട, തക്കാളി, പാവല്‍, പയര്‍, വഴുതന, പടവലം, ചീര, മുളക്, കുമ്പളം, മത്തന്‍ എന്നിങ്ങനെ വ്യത്യസ്ത വിത്തുകളടങ്ങുന്ന വിത്തു പാക്കറ്റുകള്‍ അലനല്ലൂര്‍ ക്യഷിഭവനില്‍ നിന്നും ശേഖരിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. നടീല്‍ രീതികള്‍, ജൈവ വളങ്ങള്‍ , ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു മാര്‍ഗനിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കി.

ആഴ്ച്ചയിലൊരിക്കല്‍ പച്ചക്കറിച്ചെടിയുടെ വളര്‍ച്ചയും വിളവും രേഖപ്പെടുത്തി, വര്‍ഷാവസാനം മികച്ച കുട്ടിക്കര്‍ഷകനെയും കുട്ടിക്കര്‍ഷകയെയും കണ്ടെത്തും.വിദ്യാര്‍ഥികള്‍ക്ക് സമ്മാനമടക്കമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നരൂപത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളില്‍ നിത്യവും വിളമ്പുന്ന രുചിയേറിയ സാമ്പാറില്‍ ചേര്‍ക്കാനായി വീട്ടില്‍ വിളയിച്ചെടുക്കുന്ന ജൈവ പച്ചക്കറികളുടെ ഒരു പങ്ക് ഈ പദ്ധതിയുടെ ഭാഗമായി കുട്ടിക്കര്‍ഷകര്‍ സ്‌കൂളില്‍ എത്തിക്കും.

സ്‌കൂള്‍ മുഖ്യമന്ത്രി എം. ഷദക്ക് വിത്തു പാക്കറ്റ് നല്‍കി പ്രധാനാധ്യാപിക എ . സതീ ദേവി ‘എന്റെ കറി എന്റെ മുറ്റത്ത് ‘ പദ്ധതി ഉല്‍ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സി. കെ. ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു.

അധ്യാപകരായപി.അബ്ദുസ്സലാം, എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ഇ. പ്രിയങ്ക, ഇ. ഷബ്‌ന, സി. നൗഫീറ, പി. പ്രിയ, കെ. ഷീബ, സ്‌കൂള്‍ ലീഡര്‍ പി. ജൗഹര്‍, സ്‌കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന്‍ സലാം, ക്യഷി വകുപ്പ് മന്ത്രിമാരായ പി. അജ്‌വദ്, പി. അഷ്മില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

×