Advertisment

ബലാത്സംഗത്തിനിരയായി ഗർഭിണിയായ 13കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി

New Update

അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയാക്കപ്പെട്ട പതിമൂന്നുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് കോടതി. കുട്ടിയുടെ ആരോഗ്യസ്ഥിതി മുൻനിർത്തി ഗുജറാത്ത് ഹൈക്കോടതിയാണ് അനുമതി നിഷേധിച്ചത്. പകരം ഇരയുടെ മെഡിക്കൽ ചിലവുകള്‍ക്കായി ഒരുലക്ഷം രൂപ നല്‍കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ജസ്റ്റിസ് ബിഎൻ കറിയ അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ്.

Advertisment

publive-image

പീഡന ഇരയായ പെൺകുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പിതാവാണ് കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വഡോദര എസ്എസ്ജി ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. വ്യക്തമായ അഭിപ്രായം തേടുന്നതിന് വേണ്ടിയായിരുന്നു ഈ നിർദേശം. മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി കുട്ടിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്.

കുട്ടി 27 ആഴ്ച ഗർഭിണിയാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇക്കാരണം കൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും സൈക്ര്യാര്‍ട്ടിസ്റ്റ് പരിശോധനയിലും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഗര്‍ഭച്ഛിദ്രം നടത്തുന്നതിൽ അപകടസാധ്യത കൂടുതലാണ് എന്നാണ് മെഡിക്കൽ റിപ്പോർട്ട്.

കുട്ടിയുടെ ഗർഭാവസ്ഥയ്ക്ക് നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ഉത്തരവ്. കുട്ടിയുടെ മതിയായ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ട എല്ലാ കാര്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ബലാത്സംഗത്തിനിരയാക്കപ്പെട്ട് ഗർഭിണിയായ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരത്തെ ഒഡീഷ കോടതിയും ഗര്‍ഭച്ഛിദ്രത്തിനു അനുമതി നിഷേധിച്ചിരുന്നു. 24 ആഴ്ചയിലധികം ആയ ഗർഭം അലസിപ്പിക്കുന്നത് 22കാരിയായ യുവതിയുടെ ജീവന് തന്നെ ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് അനുമതി നിഷേധിച്ചത്.

court order
Advertisment