Advertisment

ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം: എ എച്ച് എസ് ടി എ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് മഹാമാരി കേരളത്തിൽ അപകടകരമായി പടർന്നു പിടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും സാലറി പിടിച്ചെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് എയ്‌ഡഡ്‌ ഹയർ സെക്കൻ്ററി ടിച്ചേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വന്തം സുരക്ഷയും, കുടുംബത്തിന്റെ സുരക്ഷയും തൃണവല്‍ക്കരിച്ചുകൊണ്ട് സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളികളായി നിലകൊള്ളുന്നവരാണ് സർക്കാർ ജീവനക്കാർ.

പൊതുഗതാഗത സംവിധാനങ്ങൾ ലഭ്യമല്ലാത്ത കാലത്ത് വളരെയധികം ബുദ്ധിമുട്ടിയാണ് സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് ഡ്യൂട്ടിക്കും, മറ്റു ജോലി സ്ഥലങ്ങളിലും സമയത്തെത്തി കർത്തവ്യ നിരതരാകുന്നത്.

സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും അധ്യാപകർ അഡ്മിഷൻ കാര്യങ്ങളും, പരീക്ഷകളും, ഓണലൈൻ ക്ലാസുകളും, കോവിഡ് ഡ്യൂട്ടികളുമായി കർമ്മോത്സുകരാണ്. എന്നിട്ടും സർക്കാർ ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് സംഭവിക്കുന്ന വീഴ്ചകളാണ് ഇത്തരത്തിലൊരു നടപടികളിലേക്ക് നയിക്കുന്നത്. തൊഴിലാളി വർഗ്ഗ പാർട്ടിയെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരുവിടുന്നവർ, സ്വന്തം തൊഴിലാളികളെ തന്നെ നിലനില്പിനായി ബലി കൊടുക്കുന്നു.

ശക്തമായ സർക്കാർ നയങ്ങളുടെ അഭാവം മൂലം കോവിഡ് കാലത്ത് ദുരിതത്തിലായ ഒരു ജനതയുടെ മുന്നിൽ, അവരുടെ സകല കഷ്ടതകളുടേയും കാരണം സർക്കാർ ജീവനക്കാരാണ് എന്ന് വരുത്തിത്തീർത്ത് ജീവനക്കാരുടെ വേതനം തട്ടിപ്പറിക്കുന്നു.

മാതൃകാ തൊഴിൽ ദാതാവെന്ന നിലയിൽ പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം ജീവനക്കാരെ സംരക്ഷിക്കേണ്ട സർക്കാർ അവരുടെ വരുമാനം കൂടി പിടിച്ചെടുക്കുന്നതിലൂടെ, കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പോലീസ് സേന അടക്കമുള്ളവരുടെ ആത്മവിശ്വാസമാണ് തകരുന്നത്.

അതിനാൽ ശമ്പളം പിടിച്ചെടുക്കൽ നടപടിയിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അതിശക്തമായ സമര നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.

എ എച്ച് എസ് ടി എ സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സജു ടി. വർഗീസ് അധ്യക്ഷത വഹിച്ചു. ഐ.എം. സാജിദ്, രാകേഷ് കുമാർ, വി. വിനോദ്, രൺദീർ, സുനിൽ ബാബു, മുഹമ്മദാലി ,മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment