ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം പ്രകാരമാണിത്.
ഇതുപ്രകാരം അന്താരാഷ്ട്ര വിമാനയാത്രികര്‍ക്ക് 113100 സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സോ (എസ്ഡിആര്) 1.19 കോടി രൂപയോ നഷ്ടപരിഹാരം കണക്കാക്കേണ്ടി വരും. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 1 എസ്ഡിആര് എന്നത് 1.41 ഡോളറിന് തുല്യമാണ്.
2009ലെ മോണ്ട്രിയല് കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടതു പ്രകാരമുള്ള 2016ലെ ദ ക്യാരേജ് ബൈ എയര്‍ നിയമപ്രകാരമാണ് വിമാനയാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഈ നിയമപ്രകാരം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര പരിധി 100000 എസ്ഡിആറില്‍ നിന്ന് 113100 ആയി ഉയര്‍ത്തുകയായിരുന്നു.
എന്നാല്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് സംഭവിക്കുന്നത് സ്വഭാവിക മരണമാണെങ്കില്‍ നഷ്ടപരിഹാരം വിമാനക്കമ്പനി നല്‍കേണ്ടതുമില്ല.
കരിപ്പൂരില്‍ അപകടത്തില്‍ മരിച്ച 12 വയസിന് മുകളിലുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും 12 വയസിന് താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവുമാണ് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായി നല്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്‍ഷുറന്‍സ് കമ്പനികളുടെ റിപ്പോര്‍ട്ടും ലഭിച്ചതിനു ശേഷമേ നഷ്ടപരിഹാരം നല്‍കുകയുള്ളൂ. മംഗലാപുരം വിമാനദുരന്തത്തില്‍ പെട്ട പലര്‍ക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.