വിമാന യാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്‌ടിച്ചു : ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍:

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 11, 2019

ന്യൂഡല്‍ഹി: വിമാന യാത്രക്കാരിയുടെ 15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ബി.എസ്.എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ബാഗ് മോഷ്ടിച്ചത്. സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ ബി.എസ്.എഫിലെ എ.എസ്.ഐ നരേഷ് കുമാറാണ് അറസ്റ്റിലായത്. ശ്രീനഗറിലേക്ക് പോകാനായി വിമാനത്താവളത്തില്‍ ഭര്‍ത്താവിനെ കാത്തിരിക്കവെയാണ് സ്ത്രീയുടെ ബാഗ് കാണാതായത്.

സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം സ്വര്‍ണവും വജ്രാഭരണങ്ങളും അടങ്ങിയ ബാഗ് ഇരിപ്പിടത്തിന് അടിയില്‍വച്ച്‌ കാത്തിരിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ബാഗ് അപ്രത്യക്ഷമായി. ഉടന്‍ യുവതി പോലീസിനെ വിവര മറിയിച്ചു.

വിമാനത്താവള അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിലാണ് ബാഗ് മോഷ്ടിച്ചയാളെ കണ്ടെത്തിയത്. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നരേഷ് യുവതിയുടെ ബാഗ് എടുക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് വെസ്റ്റ് ബംഗാളിലെ ബഗ്ദോറയിലേക്ക് പോകാനായി കാത്തിരിക്കുന്നതിനിടെ നരേഷിനെ പിടികൂടി.

×