അതവള്‍ക്ക് നോര്‍മല്‍ ആണോ? എനിക്കറിയില്ല; ഞാന്‍ എപ്പോഴും അവളോട് ഒരു സാധാരണ അമ്മയായാണ് പെരുമാറിയിട്ടുള്ളത്; ആരാധ്യയെക്കുറിച്ച് മനസ്സ് തുറന്ന് ഐശ്വര്യ

ഫിലിം ഡസ്ക്
Tuesday, March 13, 2018

ഐശ്വര്യയ്‌ക്കൊപ്പം എപ്പോഴും പ്രത്യക്ഷപ്പെടുന്ന മുഖമാണ് മകള്‍ ആരാധ്യയുടേത്. സെലിബ്രിറ്റികളുടെ മക്കള്‍ക്ക് ഒരു ‘നോര്‍മല്‍’ ബാല്യം സാധ്യമാണോ എന്നത് പലപ്പോഴും ആരാധകരുടെ സംശയമാണ്. എന്നാല്‍ തന്റെ മകള്‍ക്ക് താന്‍ എന്നും ഒരു സാധാരണ അമ്മയാണെന്ന് ഐശ്വര്യ പറയുന്നു.

ഐശ്വര്യ എവിടെ പോയാലും മാധ്യമങ്ങളുടേയും ആരാധകരുടേയും ബഹളമാണ്. അത് സ്വകാര്യ പരിപാടിയാകട്ടെ പൊതു പരിപാടിയാകട്ടെ. എന്നാല്‍ ഇത്തരം ബഹളങ്ങളോട് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു എന്നാണ് താരം പറയുന്നത്. ആരാധ്യയ്ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിന് വളരെ പ്രസക്തമായിരുന്നു ഐശ്വര്യയുടെ മറുപടി.

അതേക്കുറിച്ച് ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അവളൊരു കുട്ടിയാണ്, അതുകൊണ്ടു തന്നെ എല്ലാം മനസ്സിലാകും എന്നു വെറുതെ പറയാന്‍ കഴിയില്ല. ഇതൊരിക്കലും സാധാരണമല്ല. ഞാന്‍ ഇത്തരം തിരക്കുകളെ അറിഞ്ഞു തുടങ്ങിയത് എന്റെ ഇരുപതുകളിലാണെങ്കില്‍ ആരാധ്യ കുഞ്ഞായിരിക്കുമ്പോള്‍ തുടങ്ങി ഇതെല്ലാം കാണുന്നുണ്ട്. അതവള്‍ക്ക് നോര്‍മല്‍ ആണോ? എനിക്കറിയില്ല. ആളുകളുടെ ഇത്തരം പെരുമാറ്റങ്ങള്‍ അത്ര നോര്‍മലായ ഒന്നല്ല. പക്ഷെ, പെട്ടന്നൊരു ദിവസം രാവിലെ എഴുന്നേറ്റപ്പോളല്ല അവള്‍ ഇതൊന്നും കാണുന്നത്.

ഞങ്ങളുടെ വീടിനു പുറത്തും എയര്‍പോര്‍ട്ടിലുമെല്ലാം മാധ്യമപ്രവര്‍ത്തകരെ കാണുന്നത് അവള്‍ക്ക് ശീലമായി. അത് അപൂര്‍വ്വമായ ഒന്നല്ലെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ എപ്പോഴും അവളോട് ഒരു സാധാരണ അമ്മയായാണ് പെരുമാറിയിട്ടുള്ളത്. അവള്‍ക്കൊപ്പം ഞാന്‍ എല്ലായിടത്തും പോകാറുണ്ട്. എന്നും ഞാന്‍ അവളുടെ സ്‌കൂളില്‍ പോകാറുണ്ട്. പാര്‍ക്കില്‍, ക്ഷേത്രങ്ങളില്‍, സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ പോകാറുണ്ട്. അതിനാല്‍ നോര്‍മലായതെന്തെന്നും അല്ലാത്തതെന്തെന്നും അവള്‍ക്ക് മനസ്സിലാകുമായിരിക്കും,’ ഐശ്വര്യ പറഞ്ഞു.

×