Advertisment

ചിരിച്ചു കൊണ്ടു സ്വീകരിച്ച് കളിതമാശകൾ പറയാറുള്ള ഉറ്റകൂട്ടുകാരി സ്വീകരണമുറിയിൽ ചേതനയറ്റ് കിടക്കുന്നു ; ഒരിക്കൽ പരിചയപ്പെട്ടാൽ ആർക്കും പിന്നീട് അവളെ മറക്കാൻ കഴിയില്ല ; ഈ വേർപാട് സഹിക്കാൻ കഴിയുന്നില്ല ;ഐശ്വര്യയുടെ സുഹൃത്തുക്കള്‍ പറയുന്നു

New Update

കൊച്ചി: സൗഹൃദങ്ങളായിരുന്നു ഐശ്വര്യയ്ക്ക് എല്ലാം. സ്കൂൾകാലം മുതൽ എം.ബി.എ പഠനകാലം വരെയുണ്ടായിരുന്ന കൂട്ടുകാരുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിച്ചില്ല. ഇന്നലെ ഐശ്വര്യയെ കാണാൻ അവരെല്ലാം ഒരിക്കൽ കൂടിയെത്തി. ഇടപ്പള്ളി പോണേക്കരയിലുള്ള സാരംഗ് എന്ന വീട്ടിൽ. എന്നാൽ അവരെ ചിരിച്ചുകൊണ്ടു സ്വീകരിച്ച് കളിതമാശകൾ പറയാറുള്ള ഉറ്റകൂട്ടുകാരി സ്വീകരണമുറിയിൽ ചേതനയറ്റ് കിടക്കുകയായിരുന്നു. ആ കിടപ്പ് കണ്ട് നെഞ്ച് തകർന്ന് ഇറങ്ങിവന്നവർ തേങ്ങിക്കൊണ്ട് സുഹൃത്തുക്കളുടെ ചുമലിലേക്ക് ചാഞ്ഞു.

Advertisment

publive-image

അന്തിമോപചാരം അർപ്പിക്കാനെത്തിയവരിൽ കാക്കനാട് ഭവൻസ് ആദർശവിദ്യാലയത്തിലെ സഹപാഠികൾ മുതൽ ഏറ്റവും ഒടുവിൽ എം.ബി.എ ചെയ്ത ബംഗളരു അമൃത കോളേജിലെ വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. അദ്ധ്യാപകരും സഹപാഠികളും മാത്രമല്ല ജൂനിയേഴ്സും യാത്രാമൊഴി പറയാനെത്തിയത് ഈ യുവതി സുഹൃത്തുക്കൾക്ക് എത്രമാത്രം പ്രിയങ്കരിയാണെന്നതിന് തെളിവായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവരും ഇന്നലെ ഇടപ്പള്ളിയിലെ വസതിയിലെത്തി.

" ഒരിക്കൽ പരിചയപ്പെട്ടാൽ ആർക്കും പിന്നീട് അവളെ മറക്കാൻ കഴിയില്ല. അത്രയ്ക്ക് പ്രത്യേകതയുള്ള സ്വഭാവമാണ്. സ്‌നേഹത്തോടെയുള്ള പെരുമാറ്റം., നല്ല പാട്ടുകാരി, പഠനത്തിൽ മിടുക്കി. കോളേജിൽ നിന്ന് പോയശേഷവും അവൾ ഞങ്ങളുമായുള്ള അടുപ്പം നിലനിർത്തി. വിശേഷാവസരങ്ങളിൽ വിളിക്കാൻ ഓർമ്മിച്ചു. അപ്രതീക്ഷിതമായ ഈ വേർപാട് സഹിക്കാൻ കഴിയുന്നില്ല. കാലടി ശ്രീശങ്കര കോളേജിലെ ലാബ് അസിസ്റ്റന്റായ ഹരിശങ്കർ വിതുമ്പലോടെ പറഞ്ഞു.

നല്ല പാട്ടുകാരിയായിരുന്ന ഐശ്വര്യ സ്കൂളിലും കോളേജിലും പോപ്പുലറായിരുന്നു. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിയായിരിക്കുമ്പോൾ ആർട്സ് ക്ളബ്ബ് സെക്രട്ടറിയായി. മൂന്നു വർഷം മുമ്പാണ് ബംഗളരുവിലെ ഇ ആൻഡ് വൈ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. അവധി കിട്ടാത്തതിനാൽ ഭർത്താവ് ആശ്വിന് യാത്രയിൽ ഒപ്പം ചേരാൻ കഴിഞ്ഞില്ല.

ഇടപ്പള്ളി മാരിയമ്മൻ കോവിലെ ഉത്സവത്തിൽ പങ്കെടുക്കണമെന്നു പറഞ്ഞാണ് ഐശ്വര്യ പെട്ടെന്ന് നാട്ടിലേക്ക് വന്നതെന്ന് എൻജിനിയറിംഗ് കോളേജിലെ സഹപാഠിയും സഹപ്രവർത്തകയുമായ അരുണിമ പറഞ്ഞു. അവിനാശിയിലെ അപകടവാർത്ത അറിഞ്ഞയുടൻ തന്നെ ഭർത്താവ് അർജുനോട് ഒപ്പം അരുണിമ കൊച്ചിയിലേക്ക് പുറപ്പെട്ടു.

ആലപ്പുഴ സ്വദേശിയായ അർജുൻ ഐശ്യര്യയുടെ ബന്ധുവും സഹപാഠിയുമാണ് . എത്ര തിരക്കാണെങ്കിലും ബംഗളൂരുവിൽ വച്ച് മാസത്തിൽ ഒരിക്കലെങ്കിലും ഇരു കുടുംബങ്ങളും ഡിന്നറിനായി ഒത്തുകൂടുമായിരുന്നുവെന്ന് അർജുൻ നിറകണ്ണുകളോടെ ഓർമ്മിച്ചു.

Advertisment