Advertisment

കേരളത്തില്‍ സജീവമാകാനുള്ള എകെ ആന്‍റണിയുടെ നീക്കത്തില്‍ സംശയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ? കേരളത്തില്‍ താരപരിവേഷമില്ലാത്ത ആന്‍റണി താരപ്രചാരകനായി എത്തുന്നത് ഗൂഢനീക്കമോ എന്ന് ആശങ്ക ! കേരള രാഷ്ട്രീയം വീണ്ടും ആന്‍റണിയില്‍ കേന്ദ്രീകരിക്കുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താരപ്രചാരക പദവി സ്വയം ഏറ്റെടുത്ത എകെ ആന്‍റണിയുടെ 'ഉദ്ദേശശുദ്ധിയില്‍' സംശയിച്ച് കോണ്‍ഗ്രസ് നേതാക്കളും ഗ്രൂപ്പുകളും. ആന്‍റണിയുടെ വരവ് സംസ്ഥാനത്തെ നേതാക്കളെ ഭിന്ന ചേരികളില്‍ നിര്‍ത്തി മധ്യസ്ഥ സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിയാകാനാണോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. കേന്ദ്രത്തില്‍ ഉടനെങ്ങും പദവികള്‍ ലഭിക്കുന്ന സാഹചര്യം ഇല്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെത്തി ഒരു തവണകൂടി മുഖ്യമന്ത്രിയായി വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കാന്‍ ആന്‍റണി ആഗ്രഹിക്കുന്നുവെന്ന 'കിംവദന്തികള്‍' കോണ്‍ഗ്രസില്‍ അതിവേഗം പരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കേരള കാര്യങ്ങളുടെ ചര്‍ച്ചകളില്‍ പതിവില്ലാത്തവിധം കേന്ദ്രകഥാപാത്രമായത് ആന്‍റണിയായിരുന്നു. കേരളത്തിലെ കാര്യങ്ങളില്‍ ഇത്രയും സജീവമായ ഇടപെടല്‍ അടുത്ത കാലത്തൊന്നും അദ്ദേഹം നടത്തിയിട്ടില്ല. കേരള കാര്യങ്ങളില്‍ സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മറ്റ് മൂന്ന് എഐസിസി നിരീക്ഷകരും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗണ്യമായ നടപടികളും പൊളിച്ചെഴുത്തും നിര്‍ദ്ദേശിച്ചിരുന്നു. അത് അപ്പാടെ നടപ്പാക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ ഗതിയില്‍ സ്വന്തം നാട്ടിലെ കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകാറില്ലാത്ത ആന്‍റണി എന്നാല്‍ ഇത്തവണത്തെ ഇടപെടല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിലെ പൊളിച്ചെഴുത്തില്‍ മുഖ്യ കാര്‍മ്മികനായ അദ്ദേഹം തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസക്കാലം സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

എകെ ആന്‍റണിക്ക് കഴിഞ്ഞ ആറേഴുവര്‍ഷമായി പഴയ താരപരിവേഷം ഇല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രൂക്ഷ വിമര്‍ശനങ്ങളാണ് ആന്‍റണിക്കെതിരെ ഉയരുന്നത്. ആന്‍റണിയെ സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കിടയില്‍ നെഗറ്റീവ് കമന്‍റുകളാണ് ബഹുഭൂരിപക്ഷവും ഉയരുന്നത്.

അത്തരമൊരു സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകനാകാനുള്ള ആന്‍റണിയുടെ നീക്കമാണ് സംശയത്തിന്‍റെ നിഴലിലാകുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച നേട്ടം കൈവരിച്ചാല്‍ അതിന്‍റെ ക്രഡിറ്റ് അടിച്ചുമാറ്റാനാണ് ആന്‍റണിയുടെ നീക്കമെന്ന സംശയവും ഉയരുന്നുണ്ട്.

അതേസമയം ആന്‍റണിയുടെ ഇടപെടലുകളെ തികച്ചും സദുദ്ദേശപരമെന്ന് വിശ്വസിക്കുന്ന നേതാക്കളുടെ എണ്ണവും കുറവല്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആന്‍റണി നടത്തിയ ഇടപെടലും ചര്‍ച്ചകളും ഗുണം ചെയ്തിട്ടുണ്ടെന്നാണ് ഈ നേതാക്കളുടെ നിലപാട്. ആന്‍റണി പ്രചരണത്തിനിറങ്ങുന്നത് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് ഗുണം ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രീതികള്‍ പ്രകാരം മുതിര്‍ന്ന നേതാക്കളുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നതും വിലയിരുത്തുന്നതും പതിവാണ്. അതില്‍ ഇത്തരം സംശയങ്ങളും സ്വാഭാവികം മാത്രം.

 

congress trivandrum news ak antony
Advertisment