കാര്‍ട്ടൂണില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതായിരുന്നു; അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ കൈകടത്തിയിട്ടില്ല ;കെ.സി.ബി.സി വിമര്‍ശനത്തില്‍ മറുപടിയുമായി എ.കെ ബാലന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 12, 2019

തിരുവനന്തപുരം: ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരായ കെ.സി.ബി.സി വിമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി എ.കെ ബാലന്‍.  അവാര്‍ഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

ഇത് അംഗീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

കെ.സി.ബി.സിയുടെ വികാരം ശരിയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കി മത ന്യൂനപക്ഷത്തോടുള്ള വിദ്വേഷമാണെന്ന ആരോപണം തെറ്റാണ്.

മുഖ്യമന്ത്രിയെ അവഹേളിച്ച കാര്‍ട്ടൂണിന് 2018 ല്‍ മുഖ്യമന്ത്രി തന്നെ അവാര്‍ഡ് കൊടുത്തിരുന്നു. ആ സഹിഷ്ണുത സര്‍ക്കാരിനുണ്ട്. ജൂറിമാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്ന് ലളിതകല അക്കാദമി പരിശോധിക്കണമെന്നും എ.കെ ബാലന്‍ പറഞ്ഞു.

×