ആദ്യമത് സൗഹൃദമായിരുന്നെന്ന് അംബാനി കുടുംബത്തിലെ പുതിയ മരുമകള്‍ ! ശ്ലോക ഏറെ സ്പെഷലെന്ന്‍ ആകാശ്

ന്യൂസ് ബ്യൂറോ, മുംബൈ
Monday, March 26, 2018

ആകാശ് അംബാനിയും താനും തമ്മിലുണ്ടായിരുന്നത് ആദ്യം സൗഹൃദം മാത്രമായിരുന്നെന്നും പിന്നെയത് പ്രണയമായി മാറിയെന്നും ഇനി കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ വിവാഹത്തിലേയ്ക്ക് കടക്കുകയാണെന്നും മുകേഷ് അംബാനിയുടെ മരുമകള്‍ ശ്ലോക മേത്ത .

എത്രയൊക്കെ തിരക്കുകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നുവെന്ന് ശ്ലോക പറയുന്നു.

നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോക പറയുന്നു. അതേസമയം ശ്ലോക ഏറെ സ്പെഷലാണ്, ഒപ്പം ഹൃദയ വിശാലതയുള്ളവളുമെന്നായിരുന്നു ആകാശിന്റെ പ്രതികരണം.

റിലയന്‍സ് ഇൻഡസ്ട്രീസ് സ്ഥാപകൻ മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു.

ഇന്നലെ ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വച്ചാണ് ഇരുവരും മോതിരം കൈമാറിയത്. എ​ൻഗേജ്മെന്റിനു മുന്നോടിയായി ഇരുവരും പ്രീ–എൻഗേജ്മെന്റ് ഫൊട്ടോഷൂട്ടും നടത്തിയിരുന്നു.

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ബിസിനസ് ലോകത്തു നിന്നുള്ള പലരും ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

മുകേഷ് അംബാനി, നിതാ അംബാനി അമ്മ കോകിലാബെന്‍ എന്നിവരെക്കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അമ്പതോളം പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതോർക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ആകാശ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

×