Advertisment

മറ്റേതൊരു വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്നമുണ്ട്; ഹൃദയഭാരത്തോടെയാണു ഞാൻ സംസാരിക്കുന്നത്; അക്ഷയ് കുമാർ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ചും ചലച്ചിത്രമേഖലയിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമെന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. എല്ലാ സിനിമാപ്രവർത്തകരെയും ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്ന് ആരാധകർക്കും മാധ്യമങ്ങൾക്കുമായി പങ്കുവച്ച സന്ദേശത്തിൽ താരം അഭ്യർഥിച്ചു.

Advertisment

publive-image

മറ്റേതൊരു വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്നമുണ്ട്. എന്നാൽ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്നു കരുതരുത്. ഹൃദയഭാരത്തോടെയാണു ഞാൻ സംസാരിക്കുന്നത്. കുറച്ച് ആഴ്ചകളായി വളരെയധികം കാര്യങ്ങൾ പറയാൻ ആഗ്രഹമുണ്ട്, പക്ഷേ എല്ലായിടത്തും നെഗറ്റീവ് ഊർജമാണ്. ഞങ്ങളെ താരങ്ങൾ എന്ന് വിളിക്കുമ്പോഴും ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്നേഹം കൊണ്ടാണ്.

സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവും പ്രദർശിപ്പിച്ച വ്യവസായമാണിത്. സിനിമ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്നങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. തുടരുകയും ചെയ്യും. സുശാന്തിന്റെ മരണത്തെ തുടർന്നുണ്ടായ സംഭവങ്ങൾ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു.

ബോളിവുഡ് വ്യവസായത്തിൽ നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കാനാവില്ല. തീരെയില്ലെന്നു പറയുന്നതു നുണയാവും. എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാൽ ഒരു തൊഴിൽ മേഖലയിലും എല്ലാ വ്യക്തിയും ഇത്തരം പ്രശ്നങ്ങളിൽ ഏർപ്പെടില്ല, അത് അസാധ്യമാണ്. ലഹരിമരുന്ന് നിയമപരമായ വിഷയമാണ്. നമ്മുടെ ഏജൻസികളും കോടതികളും ഈ വിഷയത്തിൽ ന്യായമായ അന്വേഷണം നടത്തുമെന്നു പൂർണ വിശ്വാസമുണ്ട്.

സിനിമാ മേഖലയിലെ ഓരോ വ്യക്തിയും ഈ അന്വേഷണത്തിൽ അവരുമായി സഹകരിക്കും. ഇൻഡസ്ട്രിയെ മുഴുവൻ ഒരേ ലെൻസ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്യുന്നതു ശരിയല്ല.

മാധ്യമങ്ങൾ അവരുടെ ജോലികൾ തുടരട്ടെ. എന്നാൽ ഒരു നെഗറ്റീവ് കാര്യം ചർച്ചയാകുമ്പോൾ, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരൻ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓർക്കണം.’– നാലു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ അക്ഷയ് വിശദീകരിച്ചു.

film news
Advertisment