Advertisment

പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാനുള്ള ഷോട്ടുകള്‍ തന്റെ കൈവശമില്ലെന്ന് ഗാംഗുലിക്ക് നന്നായി അറിയാമായിരുന്നു; ഗാംഗുലിക്കെതിരെ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ച് ലക്ഷ്യമാക്കി പന്തെറിയാനാണ് ഞാനും എപ്പോഴും ശ്രമിച്ചിട്ടുള്ളത് 

New Update

കറാച്ചി: കരിയറില്‍ പന്തെറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും ധീരനായ ബാറ്റ്സ്മാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ആളുകള്‍ പറയാറുള്ളത് ഗാംഗുലിക്ക് പേസ് ബൗളര്‍മാരെ നേരിടാന്‍ പേടിയാണെന്നാണ്. എന്നെ നേരിടാനും ഗാംഗുലിക്ക് പേടിയാണെന്ന് ആളുകള്‍ പറയാറുണ്ട്. അസംബന്ധമാണ് അതെല്ലാം. ഞാന്‍ പന്തെറിഞ്ഞിട്ടുള്ള ഓപ്പണര്‍മാരില്‍ ഏറ്റവും ധീരനായ ബാറ്റ്സ്മാന്‍ സൗരവ് ഗാംഗുലിയാണ്- ഹലോ ലൈവില്‍ പങ്കെടുത്ത് അക്തര്‍ പറഞ്ഞു.

Advertisment

publive-image

പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാനുള്ള ഷോട്ടുകള്‍ തന്റെ കൈവശമില്ലെന്ന് ഗാംഗുലിക്ക് നന്നായി അറിയാമായിരുന്നു. ഗാംഗുലിക്കെതിരെ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ച് ലക്ഷ്യമാക്കി പന്തെറിയാനാണ് ഞാനും എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പക്ഷെ, അപ്പോഴൊന്നും ഒരിക്കലും അദ്ദേഹം ഭയന്ന് പിന്‍മാറിയിട്ടില്ല. മാത്രമല്ല, പേസ് ബൗളര്‍മാര്‍ക്കെതിരെ റണ്‍സടിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്. അതാണ് ധീരതയെന്നാണ് ഞാന്‍ കരുതുന്നത്-അക്തര്‍ പറഞ്ഞു.

തനിക്കെതിരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍ ഗാംഗുലിയാണെന്നും അക്തര്‍ പറഞ്ഞു. ഗാംഗുലിയെക്കാള്‍ മികച്ചൊരു നായകന്‍ ഇന്ത്യക്ക് പിന്നീട് ഉണ്ടായിട്ടില്ലെന്നും അക്തര്‍ വ്യക്തമാക്കി.ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പേരെ പറയാനുള്ളു. അത് സൗരവ് ഗാംഗുലിയുടേതാണ്. ഗാംഗുലിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിട്ടില്ല. ധോണിയും മികച്ച നായകനാണ്. പക്ഷെ ടീം കെട്ടിപ്പടുക്കുന്ന കാര്യം വരുമ്പോള്‍ ഗാംഗുലി ചെയ്തത് മഹത്തായ കാര്യമാണ്.

ലോകകപ്പിലല്ലാതെ ഒരു മത്സരത്തില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 1999ലെ ഇന്ത്യന്‍ പരമ്പരയില്‍ ഞാനുമുണ്ടായിരുന്നു. അന്ന് ചെന്നൈയിലും കൊല്‍ക്കത്തയിലും ഞങ്ങള്‍ ജയിച്ചു. ഡല്‍ഹിയില്‍ തോറ്റു. അതുപോലെ ഷാര്‍ജയിലും ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഗാംഗുലി നായകനായതോടെ ഇതെല്ലാം മാറി മറിഞ്ഞു.

2004ല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പരമ്പര കളിക്കാനെത്തിയപ്പോള്‍ ഈ ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു-അക്തര്‍ പറഞ്ഞു. ടെസ്റ്റില്‍ പാക്കിസ്ഥാനെ 2-1നും ഏകദിത്തില്‍ 3-2നുമാണ് അന്ന് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.

ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റിമറിക്കാന്‍ ഗാംഗുലിക്കായി. ഗാംഗുലിയുടെ ധീരതയും കഴിവുമാണ് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ബംഗാളികളുടെ വലിയ ആരാധകനാണ് ഞാന്‍ എപ്പോഴും. അവര്‍ കരുത്തരാണ്, ധൈര്യശാലികളാണ്, മുന്നില്‍ നിന്ന് നയിക്കുന്നവരുമാണ്-അക്തര്‍ പറഞ്ഞു.

sourav ganguly shoib aktar
Advertisment