Advertisment

ആലപ്പുഴ ബൈപ്പാസിനെ ആറുവരി പാതയാക്കാന്‍ കേന്ദ്രം നടപടി ആരംഭിച്ചു; നടപടി കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്രത്തിന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന്; രണ്ടുവരി പാതയെ ആറുവരിയാക്കുന്നത് പ്രഖ്യാപിത സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിട്ട്‌

New Update

publive-image

Advertisment

ആലപ്പുഴ: രണ്ടുവരിപ്പാതയായി പണിപൂർത്തിയായ ആലപ്പുഴ ബൈപാസ്സിനെ ആറുവരി പാതയാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ബൈപാസ് ദീർഘകാല വികസനം ലക്ഷ്യമിട്ടും, അപകടങ്ങൾ ഒഴിവാക്കാനും, കൂടുതൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനും പര്യാപ്‌തമാവുന്ന രൂപത്തിൽ ബൈപാസ് വികസിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു വേണുഗോപാൽ നേരത്തെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും, ഗതാഗത വകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു.

ഇതിനാവശ്യമായ ടെൻഡർ ക്ഷണിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ ഉപരിതല ഗതാഗത മന്ത്രാലയം തുടങ്ങിയതായി ഗതാഗത കാര്യങ്ങൾക്കായുള്ള പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ മന്ത്രാലയ അധികൃതർ വേണുഗോപാലിനെ രേഖാമൂലം അറിയിച്ചു.

കൊല്ലം ബൈപാസിൽ വർധിച്ചുവരുന്ന അപകടങ്ങൾ കണക്കിലെടുത്തു കൊല്ലം ബൈപാസ് നാലുവരി പാതയാക്കി വികസിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ദേശീയ പാത അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സമാന രീതിയിൽ ആലപ്പുഴ ബൈപാസും വികസിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു കെ. സി വേണുഗോപാൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ യോഗത്തിൽ നേരത്തെ ആവശ്യപെട്ടിരുന്നു.

പ്രഖ്യാപിത സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിട്ടാവും രണ്ടുവരി പാതയെ ആറുവരി പാതയാക്കുക. ദേശീയ പാത അതോറിറ്റിയാണ് പദ്ധതി ടെൻഡർ ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.

Advertisment