Advertisment

ഡോക്ടറെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല; ആലപ്പുഴയില്‍ നാളെ ഡോക്ടർമാർ പണിമുടക്കും; കൊവിഡ് വാക്സിനേഷൻ അടക്കമുളള ജോലികളിൽ നിന്ന് വിട്ടു നിൽക്കും

New Update

publive-image

Advertisment

ആലപ്പുഴ: ഡോക്ടറെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ നാളെ കൂട്ട അവധിയെടുക്കും. ഒ.പി, വാക്സിനേഷൻ, സ്വാബ് ടെസ്റ്റ് അടക്കമുള്ളവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ വരെ ഇത് ബാധിക്കും.

അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി. കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി.

കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറിയുമായ രഘുവരൻ എന്നിവർ ഒളിവിൽ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികളായ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ നെടുമുടി പോലീസ് അറസ്റ്റ് വെകിപ്പിക്കുന്നു എന്നാണ് കെ.ജി.എം.ഒയുടെ ആരോപണം.

Advertisment