Advertisment

മുഖംമൂടി ധരിച്ചെത്തി ഉപദ്രവിക്കുന്നവരുടെ മനസ്സ് എന്തായിരിക്കും? എന്തിനാണ് അവർ മൃഗങ്ങളെ ഉപദ്രവിക്കുന്നത് ?; തിരുവനന്തപുരം മെഡിക്കൽ കോളജിലെ മനശാസ്ത്രജ്ഞൻ വിലയിരുത്തുന്നു

New Update

ആലപ്പുഴ : എഴുപുന്ന നീണ്ടകരയിൽ വളർത്തു നായ്ക്കളെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ട്, ലഹരി ഉപയോഗിക്കുന്ന 3 പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. അക്രമിയെ നേരിൽ കണ്ടവരെ വിളിച്ച്, സംശയമുള്ളവരെ ഉൾപ്പെടുത്തി തിരിച്ചറിയൽ പരിശോധന നടത്താനാണ് അടുത്ത നീക്കം. അക്രമം കണ്ടത് രാത്രിയായതിനാൽ അതേ സാഹചര്യത്തിലാവും തെളിവെടുപ്പും തിരിച്ചറിയൽ പരിശോധനയും. പ്രദേശത്ത് മഫ്തിയിൽ പട്രോളിങ് ശക്തമാക്കി.

Advertisment

publive-image

മുഖംമൂടി ധരിച്ചെത്തി ഉപദ്രവിക്കുന്നവരുടെ മനസ്സ് എന്തായിരിക്കും? എന്തിനാണ് അവർ മൃഗങ്ങളെ ഉപദ്രവിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മനശാസ്ത്രജ്ഞൻ ഡോ. അരുൺ ബി.നായർ വിലയിരുത്തുന്നു.

∙ ചെറുപ്പകാലം മുതൽ മോഷണം, കളവ് പറയൽ, മൃഗങ്ങളെയും വ്യക്തികളെയും ഉപദ്രവിക്കൽ എന്നിവയിൽ ആനന്ദം കണ്ടെത്തുന്ന കുട്ടികളുണ്ട്. കോണ്ടക്ട് ഡിസോർഡർ എന്ന രോഗമാണിത്. സഹജീവികളുടെ വൈകാരിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ കഴിവ് കുറവാണ് എന്നതാണ് ഇവരുടെ പ്രശ്നം.

∙ തലച്ചോറിലുള്ള ദർപ്പണ നാഡീ വ്യൂഹങ്ങൾ (മിറർ ന്യൂറോൺസ്) ആണ് അനുതാപം എന്ന മാനസികാവസ്ഥ ഉണ്ടാക്കുന്നത്. ജന്മനാ ഈ നാഡീ വ്യൂഹങ്ങൾ ദുർബലമായവരുണ്ട്. അവരാണ് കോണ്ടക്ട് ഡിസോർഡർ പ്രകടിപ്പിക്കുന്നത്.

∙ പ്രായം കൂടുന്നതിന് അനുസരിച്ച് മൃഗങ്ങളെ വേദനിപ്പിക്കുന്നതിൽ നിന്ന് ഉയർന്ന് മനുഷ്യരിലേക്കും ഇതു നീളും. താൻ ചെയ്യുന്നതിൽ കുറ്റബോധമുണ്ടാകില്ല, അതിനെ ന്യായീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. ക്രമേണ ഇത് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം എന്ന അവസ്ഥയിലേക്ക് എത്താറുണ്ട്.

∙ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം ഉള്ളവർ മോഷണം പോലുള്ളവ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സമീപവാസികളെ പരിഭ്രാന്തരാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തേക്കാം.

∙ ചിത്തഭ്രമ രോഗാവസ്ഥയിലുള്ളവരും ഇങ്ങനെ ചെയ്തേക്കാം. അത് വളരെ അപൂർവമാണ്. താൻ രോഗിയാണ് എന്ന് തിരിച്ചറിവില്ലാത്ത അവസ്ഥയിലുള്ള ഇത്തരക്കാർക്ക് അകാരണമായ ഭയവും ആശങ്കകളും ഉണ്ടാകാം. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെയും മൃഗങ്ങളെയും ദ്രോഹിക്കാം.

∙ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരും ഇത് ചെയ്യാനിടയുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് പെട്ടന്ന് ഭയം പിടിപെടാം, വികാരങ്ങൾ നിയന്ത്രിക്കാനാവാത്ത സ്ഥിതി വരാം. അത് ഇതു പോലൊരു അക്രമത്തിൽ കലാശിച്ചേക്കാം.

∙ ഇത്തരക്കാരെക്കുറിച്ച് മിഥ്യാ ധാരണകളും കെട്ടുകഥകളും പ്രചരിക്കുന്നതും പതിവാണ്. ചില പ്രത്യേക പേരുകളുള്ളവർ, പ്രേതാത്മാക്കൾ, സീരിയൽ കൊലപാതകികൾ എന്നിവയായി ഇത്തരക്കാരെ കാണുന്നവരുണ്ട്. മുൻപ് മധ്യകേരളത്തിൽ തന്നെ ഇത്തരത്തിലുള്ളവരെ കണ്ടതായി വ്യാജവാർത്തകൾ വന്നിരുന്നു.

Advertisment