Advertisment

ഇട്ടിരിക്കുന്ന വസ്ത്രം ഒഴിച്ച് എല്ലാം കത്തിനശിച്ചു ; തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം ; ബോട്ട് പൂർണമായും കത്തുമ്പോൾ പ്രാണൻ ചേർത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു ; ആലപ്പുഴയില്‍ തീപിടിച്ചു കത്തിയമര്‍ന്ന ബോട്ടിലെ സഞ്ചാരികളുടെ വാക്കുകള്‍ ഇങ്ങനെ

New Update

ആലപ്പുഴ:  ''അടുക്കള ഭാഗത്ത് നിന്നുമുയർന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിശബ്ദമായി. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തിൽ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങൾ. ഇവിടം കൊണ്ട് എല്ലാം അവസാനിക്കുമെന്ന് ഉറപ്പിച്ചു. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.

Advertisment

publive-image

ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂർണമായും കത്തുമ്പോൾ പ്രാണൻ ചേർത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവൻ"" മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ബോട്ടിലെ യാത്രക്കാർ  പറയുന്നു.

സുരക്ഷാക്രമീകരണങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഫയർ എക്സ്റ്റിംഗ്യൂഷർ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ,​ എയർ ട്യൂബുകളോ ബോട്ടിൽ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാർ പറയുന്നു.

ഇന്നലെയാണ് പാതിരാമണൽ ദ്വീപിനു സമീപം വേമ്പനാട്ട് കായലിന്റെ നടുവിൽ കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന 13 അംഗ സംഘവുമായി പോയ ഹൗസ് ബോട്ട് കത്തിയമർന്നത്. ഹൗസ്ബോട്ടിൽ നിന്ന് മുഴുവൻ പേരെയും ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരും സ്പീഡ് ബോട്ടിലെത്തിയ പൊലീസ് സംഘവും ചേർന്ന് അദ്ഭുതകരമായി രക്ഷിച്ചു.

തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് സജിയുടെ സമയോചിത ഇടപെടലുമാണ് തലനാരിഴയ്ക്ക് വലിയൊരു ദുരന്തത്തെ അതിജീവിക്കാൻ സഹായിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണൽ ദ്വീപിന് 200 മീറ്റർ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള, കണ്ണൂർ സ്വദേശികളായ യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്. ആറുപേർ സ്ത്രീകളായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് കാറുകളിൽ കുമരകം കവണാറ്റിൻകരയിൽ എത്തിയ സംഘം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഓഷ്യാനസ് എന്ന ബോട്ടിൽ യാത്ര ആരംഭിച്ചത്.

ഇന്നു രാവിലെ 10നാണ് യാത്ര അവസാനിക്കേണ്ടിയിരുന്നത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും തീപടർന്ന് ബോട്ട് കത്തി അമരുകയായിരുന്നു. മട്ടന്നൂർ ജാസ്മിൻസ് നെല്ലൂരി ജാസിം മൻസിലിൽ നിഷാദ് (31), ഭാര്യ അൻഷീറ, ഇസാം മറിയം (ആറ് മാസം), പനയിൽ നിജാസ് (36), നൂർജഹാൻ (29), ഇവരുടെ മക്കളായ ഇസാൻ (7), ഇസാക്ക് (3), അയിഷാസിൽ ലത്തിഫീന്റെ ഭാര്യ ഐഷ (46), മകൻ മുഹമ്മദ് ഫസൽ (24),സാനിയാനിൽ താഹിറ (43), സാനിയാത്ത് സാനിയ(20),ഷെഹിലാസിൽ നശ്വ (21), ജാസ്മിൻസിൽ റിഷാദ് (31) എന്നിവരും ജീവനക്കാരുമാണ് ആയുസിന്റെ ബലംകൊണ്ട് രക്ഷപ്പെട്ടത്.

Advertisment