Advertisment

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല - ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ബസ്സിൻ്റെ സീറ്റുകളിൽ യാത്രക്കാർ കയറിയിരുന്നാൽ പിന്നെ അടുത്ത സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഗോപിനാഥൻ.

പരീക്ഷക്കു പോകുന്ന വിദ്യാർത്ഥികളേയും മറ്റു ജോലിക്കു പോകുന്ന യാത്രക്കാരേയും വഴിയിൽ നിന്നും കയറ്റാതെ പോയാൽ അത് ബസ്സ് ജീവനക്കാരുമായി പ്രശ്നങ്ങളുണ്ടാവാനാണ് സാദ്ധ്യത. ഏപ്രിൽ ഒന്നു മുതൽ സ്വകാര്യ ബസ്സുകൾക്ക് വാഹന നികുതി അടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നികുതി ഇളവുകൾ നൽകാൻ കഴിയില്ലെന്ന സർക്കാർ നിലപാട് പരിശോധിക്കണമെന്നും ഗോപിനാഥൻ ആവശ്യപ്പെട്ടു.

ഇന്ധന വിലവർദ്ധനവു മൂലം ബസ്സ് വ്യവസായം തകർച്ചയിലാണ്. കോവിഡിൻ്റെ രണ്ടാം വരവ് ഭീക്ഷണി മൂലം ബസ്സുകളിൽ യാത്രക്കാർ കയറുന്നതും കുറവാണ്. രാവിലേയും വൈകീട്ടും മാത്രമാണ് കുറച്ചു യാത്രക്കാർ ബസ്സുകളിൽ കയറുന്നത്. അതും അനുവദിക്കില്ലെന്ന നിലപാട് കർശനമാക്കിയാൽ സ്വകാര്യ ബസ്സുകൾ റോഡിലിറക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കും ഉണ്ടാവുക.

ഒരു രൂപക്ക് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന ബസ്സുടമകൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നും വാഹന നികുതിയിൽ ഇളവും ഡീസലിനു സബ്സിഡിയും ഉൾപ്പെടെ അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തിവെക്കേണ്ടി വരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു.

palakkad news
Advertisment