ബിഷപ്പിനെതിരെ കൊച്ചിയില്‍ സമരംനടത്തുന്നതിനുള്ള പണം എത്തുന്നത് എവിടെനിന്ന്?; കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സഭ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 13, 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷന് മുന്നില സമരം ചെയ്യുന്ന
കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ. ബിഷപ്പിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

ഇതിനായി പ്രത്യേക കമ്മിഷനെ അന്വേഷണത്തിനായി സഭ നിയമിച്ചു. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സന്ന്യാസഭയുടെ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും കന്യാസ്ത്രീയെ തള്ളി പറഞ്ഞും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) രംഗത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറയുന്നു.

മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. സമ്മര്‍ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് സഭയുടെ നിലപാടെന്നും കെ.സി.ബി.സി അറിയിച്ചു.
പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല. പോലീസിന്റെ അന്വേഷണം നീതപൂര്‍വമായി നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാവരുതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍നിര്‍ത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരം അതിരുകടക്കുന്നതും സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ അടക്കമുള്ളവ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലന്നും കെസിബിസി അറിയിച്ചു.

×