Advertisment

18-ാം വയസില്‍ ദ്രാവിഡിനെ പോലെ ഒരാളോടൊപ്പം അടുത്തിടപഴകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം യുവതാരങ്ങളെയും വളര്‍ത്തിയെടുത്തത് രാഹുല്‍ ദ്രാവിഡാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍ 

New Update

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം യുവതാരങ്ങളെയും വളര്‍ത്തിയെടുത്തത് മുന്‍ താരം രാഹുല്‍ ദ്രാവിഡാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍. 18-ാം വയസില്‍ ദ്രാവിഡിനെ പോലെ ഒരാളോടൊപ്പം അടുത്തിടപഴകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്നും സഞ്ജു പറഞ്ഞു. ജീവിതത്തില്‍ ദ്രാവിഡിനെപ്പോലൊരാളുടെ സാമിപ്യമുള്ളത് ഭാഗ്യമാണെന്നും സഞ്ജു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Advertisment

publive-image

തന്റെ കരിയറിലെ മോശം സമയങ്ങളിലും നല്ല സമയങ്ങളിലും ദ്രാവിഡ് കൂടെ നിന്നുവെന്നും സഞ്ജു പറഞ്ഞു. 18-ാം വസയില്‍ ദ്രാവിഡ് സാറിനോടൊപ്പം ഇടപഴകാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും എന്റെ മോശം സമയങ്ങളിലും നല്ല സമയങ്ങളിലും അദ്ദേഹം എന്നോടൊപ്പം നിന്നു.

ഒരു കളിക്കാരനോട് എങ്ങനെ സംസാരിക്കണമെന്നും അയാളെ എങ്ങനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ദ്രാവിഡ് സാറിന് നന്നായി അറിയാം. നമ്മുടെ മനോഭാവം എന്തായിരിക്കണം, ഒരു ടൂര്‍ണമെന്റിന് മുമ്പ് എന്തെല്ലാം തയാറെടുപ്പ് നടത്തണം, ജീവിതത്തില്‍ പരാജയങ്ങളെ എങ്ങനെ നേരിടണം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ദ്രാവിഡ് സാര്‍ നമുക്ക് പറഞ്ഞുതരും.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കുമ്പോള്‍ 18-20 വയസിനുള്ളില്‍ ഞാന്‍ പഠിച്ചിട്ടുള്ളതെല്ലാം ദ്രാവിഡ് സാറില്‍ നിന്നാണ്. പിന്നീട് ഇന്ത്യ എ ടീമിനായി കളിച്ചപ്പോഴും ദ്രാവിഡ് സാര്‍ സഹായത്തിനെത്തി. ഞാന്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിലെ ഓരോ യുവതാരത്തെയും ഇതുപോലെ വളര്‍ത്തിയെടുത്തത് ദ്രാവിഡ് സാറാണ്. അദ്ദേഹം എപ്പോഴും പറയാറുള്ളത്, എന്റെ വാതിലുകള്‍ എപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടക്കുമെന്നാണ്. എന്ത് വിഷയത്തെക്കുറിച്ചും സംസാരിക്കാനോ ഉപദേശം തേടാനോ അദ്ദേഹത്തെ വിളിക്കാം. എനിക്ക് എന്തെങ്കിലും സംശയം വരുമ്പോള്‍ ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ വിളിക്കാറുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ തന്റെ രണ്ടാം വീട് പോലെയാണെന്നും രാജസ്ഥാനായി കളിക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും സഞ്ജു പറഞ്ഞു. 18ാം വയസില്‍ രാജസ്ഥാനാണ് എനിക്ക് ഐപിഎല്ലില്‍ ആദ്യ അവസരം തന്നത്. അവരെന്നില്‍ വിശ്വാസമര്‍പ്പിച്ചു. എന്റെ പ്രതിഭയില്‍ വിശ്വാസമര്‍പ്പിച്ചു.

അവസരം നല്‍കി. ദ്രാവിഡ് സാറായിരുന്നു രാജസ്ഥാനായി അരങ്ങേറുമ്പോള്‍ എന്റെ ക്യാപ്റ്റന്‍. അദ്ദേഹം, എന്നോട് പറഞ്ഞത്, അവിടെപോയി നിന്റെ കളി പുറത്തെടുക്കാനാണ്. അന്ന് തൊട്ട് രാജസ്ഥാന്‍ റോയല്‍സ് എന്റെ രണ്ടാം വീടായി. രാജസ്ഥാനായി കളിക്കുന്നത് എനിക്ക് എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്-സഞ്ജു പറഞ്ഞു.

sanju samson rahul dravid
Advertisment